31 October Thursday
പടന്നക്കാട് – വെള്ളരിക്കുണ്ട് റോഡ്

ഇനിയും വൈകരുത്‌

എ കെ രാജേന്ദ്രന്‍Updated: Thursday Oct 31, 2024

നിർദിഷ്ട പടന്നക്കാട് –- കാലിച്ചാനടുക്കം –- വെള്ളരിക്കുണ്ട് റോഡ് പോകുന്ന കോതോട്ടുപാറ

രാജപുരം
ആറ് വർഷം മുമ്പ് സംസ്ഥാന ബജറ്റിൽ ഇടം നേടി  പണം അനുവദിച്ച പടന്നക്കാട്–- കാലിച്ചാനടുക്കം–- വെള്ളരിക്കുണ്ട് റോഡ്  ഇനിയും നടപ്പായില്ല. 2018-ലെ ബജറ്റിൽ 60 കോടി രൂപ വകയിരുത്തിയ പദ്ധതിയാണിത്. ദേശീയപാതയിലെ പടന്നക്കാട് മേൽപ്പാലത്തിന് സമീപത്തുനിന്നാണ്‌ റോഡ്‌ ആരംഭിക്കുന്നത്‌. തുടർന്ന്‌ നീലേശ്വരം നമ്പ്യാർക്കൽ അണക്കെട്ട് വഴി കൂലോം റോഡിലൂടെ മടിക്കൈ പഞ്ചായത്തിലേക്ക് പ്രവേശിച്ച് എരിക്കുളം, കാഞ്ഞിരപൊയിൽ, കോതോട്ടുപാറ വഴി കോടോം ബേളൂർ പഞ്ചായത്തിലെ മയ്യങ്ങാനം, കാലിച്ചാനടുക്കം എത്തും. അവിടെനിന്ന്‌  ആനപ്പെട്ടി, കോട്ടപ്പാറ, ബാനം, വഴി കിനാനൂർ കരിന്തളം പഞ്ചായത്തിലൂടെ കമ്മാടം, കാരാട്ട് വഴി വെള്ളരിക്കുണ്ടിലേക്ക് എത്തും. 30 കിലോമീറ്റർ ദൈർഘ്യമാണ്‌  റോഡിനുള്ളത്‌. ആദ്യഘട്ടത്തിൽ 60 കോടി രൂപ മാറ്റിവച്ചങ്കിലും പിന്നീട് ഡിപിആർ എടുത്തപ്പോൾ 72 കോടി രൂപയായി വർധിപ്പിച്ചിരുന്നു.  റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ പുളിക്കാൽ, ആനപ്പെട്ടി, ബാനം പാലങ്ങൾ നിർമിക്കുന്നതിന് ഏഴര കോടി രൂപ പ്രത്യേകമായി  അനുവദിച്ചു. ഇതിൽ പുളിക്കാൽ പാലം ഏതാണ്ട്‌ നിർമാണം പൂർത്തിയായി. മറ്റുള്ളവ പ്രവൃത്തി നടന്നുവരുന്നു.
കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളെ ബന്ധിപ്പിച്ച്‌ മലയോരത്തിന്റെ ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്ക്‌  എത്തുന്ന റോഡാണ്‌  വർഷങ്ങൾ കഴിഞ്ഞിട്ടും ആരംഭിക്കാതെ കിടക്കുന്നത്‌.  കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാട് മേൽപ്പാലം മുതൽ നമ്പ്യാർക്കാൽ അണക്കെട്ട് വരെയുള്ള സ്ഥലത്ത് റോഡിന് വീതിയില്ലെന്ന കാരണത്താലാണ് പദ്ധതി ആദ്യഘട്ടത്തിൽ തടസപ്പെട്ടത്. കോടോം ബേളൂർ, മടിക്കൈ, കരിന്തളം പഞ്ചായത്തുകൾ ഭൂമി ഏറ്റെടുത്ത് നൽകിയിട്ടുണ്ട്‌.
മലയോരത്തേക്കുള്ള പ്രധാന റോഡ്‌
കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ ഹൃദയഭൂമിയിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ് പടന്നക്കാട് –- കാലിച്ചാനടുക്കം –- വെള്ളരിക്കുണ്ട് റോഡ്. വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന  ബജറ്റിൽ തുക നീക്കിവച്ചിട്ടും പദ്ധതി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. റോഡുമായി ബന്ധപ്പെട്ട്‌ ഉദ്യോഗസ്ഥർ പല തവണ പരിശോധന നടത്തി പോയെങ്കിലും റോഡിന്റെ ടെണ്ടർ നടപടിയിലേക്ക് കടക്കാനായില്ല. ചില ഭാഗങ്ങളിൽ റോഡിന് വീതിയില്ല എന്ന കാരണം പറഞ്ഞതിനെ തുടർന്ന് ഡിപിആറിൽ മാറ്റം വരുത്തി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌.  പദ്ധതി ഉടൻ ആരംഭിക്കണം.
ടി വി ജയചന്ദ്രൻ, സിപിഐ എം പനത്തടി 
ഏരിയ കമ്മിറ്റി അംഗം
നിർമാണം ഇനിയും വൈകരുത്‌
മലയോര ജനതയ്‌ക്കും കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളിലുള്ളവർക്കും ഒരു പോലെ ഉപകരിക്കുന്ന റോഡാണ് ഇത്. പല കാരണം പറഞ്ഞ് പദ്ധതി അനന്തമായി നീണ്ടു പോകുന്ന സ്ഥിതിയാണ്. പല തവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും  റോഡിന്റെ നടപടി ക്രമം പൂർത്തിയാക്കാനായില്ല. വർഷങ്ങൾക്ക് മുമ്പുതന്നെ റോഡിന് ആവശ്യമായ വീതിയിൽ സ്ഥലം പഞ്ചായത്തുകൾ നൽകിയിരുന്നു. റോഡ്‌ നിർമാണം ഇനിയും വൈകരുത്‌.
എം അനീഷ് കുമാർ, സിപിഐ എം കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി
തടസ്സം നീക്കി പ്രവൃത്തി തുടങ്ങണം
കോടോം ബേളൂർ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന ഈ റോഡ്‌ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്‌.  ഇ ചന്ദ്രശേഖരൻ എംഎൽഎ മുൻകൈ എടുത്താണ് പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ പണം നീക്കിവച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റോഡ് വികസനം സംബന്ധിച്ച്‌ പല തവണ പഠനം നടത്തിയെങ്കിലും ഇപ്പോഴും എങ്ങുമെത്തിയില്ല.  തടസ്സം നീക്കി റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കാനാവണം.
നിഷ അനന്തൻ, കോടോം ബേളൂർ പഞ്ചായത്ത് 
13-ാം വാർഡ് അംഗം
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top