കോവളം
സന്ധ്യാറാണി ടീച്ചറുടെ ജീവിതപുസ്‌തകത്തിൽ ബുധനാഴ്‌ച സന്തോഷത്തിന്റെ മറ്റൊരധ്യായം ആരംഭിച്ചു. ടിപ്പർ ലോറി കയറിയിറങ്ങി കാൽ നഷ്ടമായപ്പോൾ കണ്ണിൽ മാത്രമായിരുന്നില്ല ഇരുട്ട് കയറിയത്, വിദ്യാർഥികളുടെ കളിചിരികൾ നിറഞ്ഞ അധ്യാപന ജീവിതത്തിൽകൂടിയായിരുന്നു.
എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ കരുതലിൽ ടീച്ചറുടെ ജീവിതത്തിൽ നന്മയുടെ അധ്യായങ്ങൾ വീണ്ടുമെത്തുകയാണ്. വെങ്ങാനൂര്‍ ഗവ. മോഡല്‍ എച്ച്എസ്‌എസിലെ അധ്യാപിക സന്ധ്യാറാണിക്ക് ഭിന്നശേഷി നിയമപ്രകാരം സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ച് സര്‍വീസില്‍ തുടരാന്‍ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി.
മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിലാണ് നടപടിയായത്. അപകടമുണ്ടായ ദിവസം മുതൽ മുൻകാലപ്രാബല്യത്തിലാണ് തസ്‌തിക. ജോലിയിൽ പ്രവേശിക്കാൻ പ്രാപ്തയാകുന്നതുവരെയോ വിരമിക്കുന്നതുവരെയോ ആനുകൂല്യം ലഭിക്കും. 2023 ഡിസംബർ 19ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം. അഞ്ചുവയസ്സുകാരനായ മകൻ റിയോയെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ കാണിച്ച് തിരികെ വെങ്ങാനൂരിലെ വീട്ടിലേക്ക് സ്‌കൂട്ടറിൽ വരികയായിരുന്നു.
ഇവർ സഞ്ചരിച്ച അതേ ദിശയിൽനിന്ന് വന്ന ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സന്ധ്യാറാണിയുടെ വലതുകാലിൽ ലോറി കയറിയിറങ്ങി. റിയോ പരിക്കില്ലാതെ രക്ഷപ്പെട്ടു. അന്തരികാവയവങ്ങൾക്കുൾപ്പെടെ സാരമായി പരിക്കേറ്റ സന്ധ്യാറാണിയെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കി. തിരികെ ജീവിതത്തിലേക്കുള്ള യാത്രയിൽ വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു.
സർക്കാരിനോട് നന്ദിയുണ്ടെന്നും തീരുമാനത്തിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും സന്ധ്യാറാണി പറഞ്ഞു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഉടൻ സ്‌കൂളിൽ എത്തും. ശസ്‌ത്രക്രിയ അടക്കമുള്ള ചികിത്സകൾ ഇനിയുമുണ്ട്. ഒപ്പം കൃത്രിമക്കാൽ ഉപയോഗിച്ച് നടക്കാനുള്ള പരിശീലനവും പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു. നെയ്യാറ്റിൻകര ആർടി ഓഫീസ് വെഹിക്കിൾ ഇൻസ്‌പെക്‌ടർ രഞ്ജിത്താണ് ഭർത്താവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..