ആലപ്പുഴ
നെഹ്റുട്രോഫി ജലമേള ഇത്തവണ ഒഴിവാക്കുന്നു എന്ന തരത്തിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം അസംബന്ധമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പ്രസ്‌താവനയിൽ പറഞ്ഞു. സർക്കാർ ഇത്തരത്തിൽ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.സൊസൈറ്റി യോഗം ചേർന്ന് തീരുമാനിക്കുന്ന തീയതിയിൽ വള്ളംകളി നടത്താൻ സർക്കാർ ഒരുക്കമാണ്. ജലമേളയ്‌ക്കായി ടൂറിസംവകുപ്പ് നൽകിവരുന്ന ഒരുകോടി രൂപ നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും അറിയിച്ചിട്ടുണ്ട്.
എൻടിബിആർ സൊെസൈറ്റിയാണ് നെഹ്റുട്രോഫി ജലമേള നടത്തുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സൊസൈറ്റി യോഗം ചേർന്നാണ് ജലേമേള മാറ്റിവയ്‌ക്കാൻ തീരുമാനിച്ചത്. ഇക്കാര്യം സർക്കാരിനെ അറിയിച്ചപ്പോൾ അത് അംഗീകരിക്കുകയാണ് ചെയ്‌തത്. എന്നാൽ ചില കേന്ദ്രങ്ങൾ സർക്കാരിനെതിരെ പ്രചാരണം നടത്തുകയാണ്. ജലമേള മാറ്റിവയ്‌ക്കണമെന്ന് സൊസൈറ്റി യോഗത്തിൽ ആവശ്യം ഉന്നയിച്ച ചിലരും അവർക്കൊപ്പമുള്ള ജനപ്രതിനിധികളും ഇത്തരം നുണപ്രചാരണത്തിന് നേതൃത്വം നൽകുന്നു. ആലപ്പുഴ, മാവേലിക്കര എംപിമാരടക്കം സൊസൈറ്റിയിൽ അംഗങ്ങളാണ്. ഇവർകൂടി പങ്കെടുത്ത് സൊസൈറ്റി ചെയർമാൻ കൂടിയായ കലക്‌ടറുടെ അധ്യക്ഷതയിൽ യോഗംചേർന്ന് ഉചിതമായ തീയതി തീരുമാനിക്കുകയാണ് വേണ്ടിയിരുന്നത്. ഇത് ചെയ്യാതെ സർക്കാരിനെതിരെ പ്രചാരണം നടത്തുന്നതിന് പിന്നിൽ രാഷ്‌ട്രീയലക്ഷ്യമാണ്. മഹാദുരന്തത്തെ സംസ്ഥാനം ഒറ്റക്കെട്ടായിനിന്ന് നേരിടുമ്പോൾ അതിനാകെ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ഇക്കൂട്ടരുടെ ശ്രമം. ഇത് ജനങ്ങൾ തിരിച്ചറിയും– നാസർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..