സ്വന്തം ലേഖകൻ
അരൂർ
കാപ്പ ചുമത്തി കോട്ടയം ജില്ലയിൽനിന്ന് നാടുകടത്തിയയാളെ എരമല്ലൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂർ പ്ലാങ്കുഴിയിൽ ജയകൃഷ്‌ണനാണ് (27) മരിച്ചത്. ഇയാളുടെ സഹായിയെ അരൂർ പൊലീസ് അറസ്‌റ്റ്‌ചെയ്‌തു. കോടംതുരുത്ത് ഒമ്പതാം വാർഡിൽ പുന്നവേലി നികർത്തിൽ പ്രേംജിത്താണ് (23) പിടിയിലായത്. എരമല്ലൂർ തോട്ടപ്പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന പൊറോട്ട കമ്പനിയോട് ചേർന്ന് ജീവനക്കാർ താമസിക്കുന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾക്കകം പ്രതിയെ അറസ്‌റ്റ് ചെയ്‌തു.
കമ്പനിയിൽനിന്ന് പൊറോട്ട ശേഖരിച്ച് സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്ന ജോലിയായിരുന്നു ജയകൃഷ്‌ണന്റേത്. ഇയാളുടെ വാഹനത്തിലെ സഹായിയാണ് പ്രേംജിത്ത്. വെള്ളി അർധരാത്രി വാഹനം പാർക്ക് ചെയ്‌തശേഷം സമീപത്തെ ജീവനക്കാരുടെ മുറിയിൽ ജയകൃഷ്‌ണൻ വിശ്രമിക്കാൻ പോയിരുന്നു. ശനി രാവിലെകമ്പനിയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതക വിവരം പുറത്തറിഞ്ഞതോടെ രക്ഷപ്പെട്ട പ്രതിയെ വൈകിട്ടോടെ പിടിച്ചു.
കോട്ടയത്തെ വിവിധ സ്‌റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കൊലപാതകശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്ന ജയകൃഷ്‌ണനെ നാടുകടത്തിയതിതോടെയാണ് ഈ സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. വിതരണത്തിന് പോകുന്ന സമയങ്ങളിൽ ജയകൃഷ്‌ണൻ പ്രേംജിത്തിനെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കേസുകളിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പ്രതി മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു.
ഈ വിരോധമാണ് കൊലപാതകത്തിന് കാരണം. കമ്പനിയിലെ ജോലിക്കാർ വിശ്രമിക്കുന്ന മുറിയിൽ ഉറങ്ങുകയായിരുന്ന ജയകൃഷ്‌ണനെ പ്രതി തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാരകൊണ്ട് തലയ്‌ക്കടിച്ചും കത്തി കൊണ്ട് പുറത്ത് കുത്തിയുമാണ് കൊന്നതെന്ന് സമ്മതിച്ചതായും പൊലീസ് പറഞ്ഞു. കൊലപാതകശേഷം മുറിയിൽ ഉപേക്ഷിച്ചുപോയ ആയുധങ്ങൾ കണ്ടെത്തി. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്‌ത്രീയ–-സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. അരൂർ എസ്എച്ച്ഒ പി എസ് ഷിജു, എസ്ഐ ഗീതുമോൾ എന്നിവരുടെ നേതൃത്വത്തിൽ അഡീഷണൽ സബ് ഇൻസ്‌പെക്‌ടർമാരായ അനിൽകുമാർ, സാജൻ, ബൈജു, അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർമാരായ സുധീഷ് ചന്ദ്രബോസ്, വിനോദ്, സിപിഒമാരായ ശ്രീജിത്ത്, വിജേഷ്, രതീഷ്, നിധീഷ്, ശ്യാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്. ഞായറാഴ്‌ച കോടതിയിൽ ഹാജരാക്കും.
ജയകൃഷ്‌ണന്റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. അച്ഛൻ: ജയകുമാർ. അമ്മ: ജയശ്രീ. സംസ്‌കാരം ഞായർ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..