മാവേലിക്കര
കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ആറ് പ്രതികളെ ഏഴ് വര്‍ഷവും ഒമ്പത് മാസവും തടവിനും 2,43,000 രൂപ പിഴയ്‌ക്കും ശിക്ഷിച്ച് മാവേലിക്കര അഡി. ജില്ലാ സെഷന്‍സ് കോടതി- 3 ജഡ്‌ജി പി പി പൂജ ഉത്തരവിട്ടു. എംഎസ്എം കോളേജിലെ ബിരുദവിദ്യാർഥി കായംകുളം ചേരാവള്ളി ലക്ഷ്‌മിഭവനത്തില്‍ സജിത്തിനെ (35) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്തിയൂര്‍ എരുവ വാലയ്യത്ത് വീട്ടില്‍ നജീബ് (35), കായംകുളം പണിപ്പുര തെക്കതില്‍ നജീം (45), കൃഷ്‌ണപുരം, തെക്ക് കൊച്ചുമുറി ഷഹാന മന്‍സിലില്‍ അന്‍സാരി (37), പത്തിയൂര്‍ ഏരുവ പണിക്കന്റെ കിഴക്കതില്‍ റിയാസ് (36), കുലശേഖരപുരം കോട്ടക്കുപുരം മുറി അന്‍ഷാദ് അഷറഫ് (36), പത്തിയൂര്‍ ഏരുവ കൊച്ചുവീട്ടില്‍ തറയില്‍ നിയാസ് (34) എന്നിവരെയാണ് ശിക്ഷിച്ചത്. കായംകുളം ബാറിലെ അഭിഭാഷകനായ നിയാസ് കായംകുളം നഗരസഭയില്‍ ആറാം വാര്‍ഡില്‍ തണ്ടില്‍ വീട്ടിലാണ് താമസിക്കുന്നത്. ഇയാള്‍ ഈ വര്‍ഷം ബാര്‍ അസോസിയേഷനിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഒന്നുമുതൽ മൂന്നുവരെ പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും നാലുമുതല്‍ ആറുവരെ പ്രതികള്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും ആയിരുന്നു.
2009 നവംബര്‍ രണ്ടിന് രാത്രി ഏഴിന് കായംകുളം പുനലൂര്‍ റോഡില്‍ പോസ്‌റ്റ് ഓഫീസിന് മുന്നിലായിരുന്നു സംഭവം. സജിത്ത് സുഹൃത്തായ കായംകുളം ചേരാവള്ളി തറാല്‍ വീട്ടിൽ കൊച്ചുമോന്റെ ബൈക്കിന് പിന്നിലിരുന്ന് വരവേ ബൈക്കുകളില്‍ വന്ന പ്രതികള്‍ ഇവരെ മറികടന്ന് തടഞ്ഞുനിര്‍ത്തി ഒന്നാം പ്രതി കൊച്ചുമോനെ തൊഴിച്ചു. ഈ സമയം മറിഞ്ഞുവീണ സജിത്തിനെ ഒന്നാം പ്രതി വാളു കൊണ്ട് തലക്ക് നേരെ വെട്ടി. കൈ കൊണ്ട് തടഞ്ഞപ്പോള്‍ ഇടതു കൈ മസില്‍ ഭാഗം അറ്റുപോയി. മറ്റ് പ്രതികള്‍ മാറി മാറി വെട്ടി. ഭയന്ന് ഓടി കായംകുളം ജെമിനി ട്രേഡേഴ്സ് എന്ന സ്ഥാപനത്തില്‍ അഭയം പ്രാപിച്ച സജിത്തിനെ കടയില്‍ കയറി ഇടതു കവിളിലും ഇടത് കൈത്തണ്ടയിലും മുഷ്‌ടിയിലും ഇടത് ആറാംവാരി ഭാഗത്തും വെട്ടി പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു.
വകുപ്പുകള്‍ 143, 147 പ്രകാരം ആറ് മാസം തടവും 5000 രൂപ വീതം പിഴയും 148 പ്രകാരം രണ്ട് വര്‍ഷം തടവും 10,000 രൂപ വീതം പിഴയും 341, 323 പ്രകാരം മൂന്ന് മാസം തടവും 500 രൂപ വീതം പിഴയും 326, 307 പ്രകാരം അഞ്ച് വര്‍ഷം തടവും 25,000 രൂപ വീതം പിഴയും അടയ്‌ക്കണമെന്നാണ് വിധി. പിഴത്തുക സജിത്തിന് നല്‍കണം. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ സജികുമാറും മുൻ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി സന്തോഷും ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..