സ്വന്തം ലേഖകൻ
ആലപ്പുഴ
ജില്ലയിലെ 573 അതിദാരിദ്ര്യ പട്ടികജാതി കുടുംബങ്ങളിൽ 374 കുടുംബം അതിൽനിന്ന് മോചനം നേടിയതായി പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതികളുടെ ജില്ലാതല അവലോകന യോഗം വിലയിരുത്തി. പട്ടികജാതി വികസന വകുപ്പ് 2024-–-25 ലെ പദ്ധതികൾക്കായി അനുവദിച്ച 21.69 കോടിയിൽ 17.98 കോടിയും ചെലവഴിച്ചു.
പ്രീമെട്രിക് സ്‌കോളർഷിപ്പിനായി അനുവദിച്ചതിൽ ലംപ്‌സം ഗ്രാൻഡ് ഇനത്തിൽ 84.5 ശതമാനവും വിദ്യാഭ്യാസ സഹായത്തിൽ 94.5 ശതമാനവും ചെലവഴിച്ചു. ട്യൂഷൻ ഫീ റീ ഇമ്പേഴ്‌സ്‌മെന്റ് 100 ശതമാനവും ഉന്നതി ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിൽ ഒമ്പത് വിദ്യാർഥികൾക്കായി 1.48 കോടി രൂപയും ഭൂരഹിത പുനരധിവാസ പദ്ധതിക്കായി അനുവദിച്ച 3.82 കോടിയിൽ 2.74 കോടിയും സ്വയംതൊഴിൽ ധനസഹായം, വിദേശ തൊഴിൽ ധനസഹായം തുടങ്ങിയവയിലും 100 ശതമാനം തുകയും ചെലവിട്ടു. അനുവദിച്ച അംബേദ്കർ ഗ്രാമങ്ങളിൽ 51 എണ്ണത്തിൽ 30 എണ്ണം പൂർത്തീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ലൈഫ് ഭവന പദ്ധതിയിൽ ആകെ അനുവദിച്ച 836 വീടുകളിൽ എണ്ണത്തിൽ 819ഉം പൂർത്തിയായി. ജില്ലയിലെ 61.5 ശതമാനം പട്ടികജാതി വീടുകളിൽ ഹോം സർവേ പൂർത്തിയായതായും ഉദ്യോഗസ്ഥർ അറിയിച്ചു.
സർക്കാരിന്റെ 100 ദിനകർമ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച അവലോകനയോഗത്തിൽ മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ പി ചിത്തരഞ്ജൻ, എച്ച് സലാം, എം എസ് അരുൺ കുമാർ, ദലീമ, യു പ്രതിഭ എന്നിവർ സംസാരിച്ചു. മന്ത്രി പി പ്രസാദിന് വേണ്ടി പ്രതിനിധി സംസാരിച്ചു.
പ്രീ മെട്രിക് ഹോസ്റ്റലുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തണം, കോർപസ് ഫണ്ടിന്റെ ഗുണം ജനങ്ങൾക്ക് കൃത്യമായി ലഭിക്കുന്നെന്ന് ഉറപ്പാക്കണം, പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പ് പോലുള്ള വ്യക്തിഗത ആനുകൂല്യങ്ങൾ വേഗത്തിലാക്കണം, അംബേദ്കർ നഗറുകൾക്ക് 25 വീടുകൾ വേണമെന്ന മാനദണ്ഡം 15 ആയി കുറക്കണം, കോർപസ് ഫണ്ട് റിവ്യു ചെയ്യാൻ ജനപ്രതിനിധികൾക്ക് അവസരം വേണം, ജില്ലയിൽ സ്ഥിരമായി എസ്‌സി ഓഫീസർ വേണം, മായിത്തറയിലെ പണി പൂർത്തിയായ എസ് സി ഹോസ്റ്റൽ തുറന്നുകൊടുക്കണം തുടങ്ങിയ നിർദേശങ്ങൾ എംഎൽഎമാർ മുന്നോട്ടുവച്ചു.
വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മണ്ഡലത്തിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും എംഎൽഎമാർ പങ്കുവച്ചു. പട്ടികജാതി വികസന വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, പിന്നാക്ക വിഭാഗ വകുപ്പ് ജില്ലാതല ഓഫീസർമാർ അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണു രാജ്, എഡിഎം ആശാ സി എബ്രഹാം, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു എന്നിവർ സംസാരിച്ചു. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മറ്റു വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..