01 December Sunday
അമ്പലപ്പുഴ ഏരിയ സമ്മേളനം സമാപിച്ചു

തീരസംരക്ഷണത്തിന്‌ കേന്ദ്രഫണ്ട്‌ അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024

സിപിഐ എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചുവപ്പുസേന മാർച്ചിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ സല്യൂട്ട് സ്വീകരിക്കുന്നു

സ്വന്തം ലേഖകൻ
അമ്പലപ്പുഴ
കള്ളക്കടൽ പ്രതിഭാസവും കടലാക്രമണവുംമൂലം ദുരിതം അനുഭവിക്കുന്ന തീരവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ സഹായം നൽകണമെന്ന്‌ സിപിഐ എം അമ്പലപ്പുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ആഗോളതാപനവും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾമൂലവും തീരവാസികളുടെ ദുരിതം വർധിക്കുകയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള അമ്പലപ്പുഴയിൽ എൽഡിഎഫ് സർക്കാർ കിഫ്ബി പദ്ധതിയിൽ പുലിമുട്ട് നിർമിക്കുകയാണ്. എന്നാൽ രാജ്യാതിർത്തിയായ തീരം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. പിആർഎസ് വായ്‌പ നൽകാൻ നിലവിലെ ബാങ്കുകൾക്ക്‌ പകരം കേരളബാങ്കിനെ നിശ്ചയിക്കുക, രാത്രി 10നുശേഷം മൈക്ക് പ്രവർത്തിക്കാൻ പാടില്ലെന്ന ഉത്തരവിൽ ഭേദഗതി വരുത്താൻ സർക്കാർ ഇടപെടുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. വൈകിട്ട്‌ നടന്ന പ്രകടനത്തിനും ചുവപ്പുസേനാ മാർച്ചിനുംശേഷം ചേർന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിച്ചു.
റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക് ജില്ലാ സെക്രട്ടറി ആർ നാസർ, ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ എന്നിവർ  മറുപടി പറഞ്ഞു. കെ മോഹൻകുമാർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. 21 അംഗ ഏരിയ കമ്മിറ്റിയെയും 19 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്, ജി രാജമ്മ, എച്ച് സലാം എംഎൽഎ, പി പി ചിത്തരഞ്‌ജൻ എംഎൽഎ എന്നിവർ പങ്കെടുത്തു. 
വൈകിട്ട്‌ അറവുകാട് ക്ഷേത്രത്തിന് തെക്കുഭാഗത്തെ കണ്ണമ്പള്ളി ജങ്ഷനിൽനിന്ന്‌ പ്രകടനവും ചുവപ്പുസേനാ മാർച്ചും ആരംഭിച്ചു. തെയ്യം, തിറ, ബാൻഡ്‌മേളം, ശിങ്കാരിമേളം എന്നിവ അണിനിരന്നു. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പറവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് തെക്കുവശം) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്‌ഘാടനംചെയ്‌തു. എച്ച്‌ സലാം എംഎൽഎ അധ്യക്ഷനായി. എരിയ സെക്രട്ടറി ആർ രാഹുൽ സ്വാഗതം പറഞ്ഞു. എ ഓമനക്കുട്ടൻ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top