മാന്നാർ
കല വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി പ്രമോദിനെ (45) കസ്‌റ്റഡിയിൽ വാങ്ങാൻ അന്വേഷകസംഘം കോടതിയിൽ അപേക്ഷ നൽകും. 15 വർഷം മുമ്പ് കാണാതായ ചെന്നിത്തല ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്നുകുഴിച്ചു മൂടിയെന്ന കേസിൽ, കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കാർ അന്വേഷക സംഘം കൊല്ലം കൊട്ടിയത്തുനിന്ന് കണ്ടെത്തിയിരുന്നു. വാടകയ്ക്ക് എടുത്ത കാറിൽ സഞ്ചരിച്ചാണ് ഭർത്താവായ അനിൽ കലയെ കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.
പ്രമോദ് സ്വന്തം ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് പിടിയിലായിരുന്നു. മാർച്ച് 25നാണ് ഭാര്യ രാധുവിനെ ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. രാധുവിന്റെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു. നിരന്തരം രാധുവിനെ ഉപദ്രവിച്ചിരുന്ന ഇയാൾ വീട്ടിലെ പാചക വാതകം തുറന്നുവിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. കേസിൽ ഇയാൾ റിമാൻഡിലായപ്പോഴാണ് കലയെ കൊലപ്പെടുത്തിയതാണെന്നുള്ള കത്ത് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് മൂന്നു പ്രതികൾ പിടിയിലായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..