19 November Tuesday
ശൈലി 2.0

വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ശൈലി 2.0- വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും കലക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍വഹിക്കുന്നു

ആലപ്പുഴ
ജീവിതശൈലി രോഗങ്ങൾ കണ്ടെത്താനും ചികിത്സ നൽകാനും ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വാർഷിക ആരോഗ്യ പരിശോധന ‘ശൈലി 2.0-’ന് തുടക്കമായി.  കലക്ടർ അലക്‌സ് വർഗീസ് ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി.  ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം വി പ്രിയ അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ അനു വർഗീസ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ, ഡോ. അനന്ത് മോഹൻ, ഡോ. എം എം ഷാനി, ഡോ. പാർവതി പ്രസാദ്, ഡോ. അനീഷ്, ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ ജി രജനി, കെ റഫീക്ക്, റംല ബീവി എന്നിവർ സംസാരിച്ചു.
ശൈലി 2.0
30ന് മുകളിൽ പ്രായമുള്ളവരിലാണ് വാർഷിക ആരോഗ്യ പരിശോധന നടത്തുന്നത്. വിശദമായി തയ്യാറാക്കിയ ചോദ്യാവലിയുമായി ആശാ പ്രവർത്തകർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കും.  
സർവേക്ക് വിധേയരാകുന്നവർ പ്രദേശത്തെ ജനകീയ ആരോഗ്യ കേന്ദ്രത്തിലെത്തി പ്രാഥമിക പരിശോധനകളും തുടർ നിർദേശങ്ങളും പാലിക്കണം. സർവേയിൽ  കണ്ടെത്തുന്ന ക്യാൻസർ, ഹൃദ്രോഗം മുതലായ രോഗങ്ങൾക്ക് മുൻഗണന അടിസ്ഥാനത്തിൽ വിദഗ്‌ധ ചികിത്സ ലഭ്യമാക്കും. മറ്റ് ജീവിതശൈലി രോഗമുള്ളവരെ അതത് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അയക്കും. 
2023-ൽ ജില്ലയിൽ 30 വയസിന് മുകളിലുള്ള 10,23,995 പേരിലാണ് ശൈലി ആരോഗ്യ സർവേ നടത്തിയത്. ഇതിൽ പുതുതായി 93,393 പേരിൽ രക്തസമ്മർദവും 5797 പേരിൽ പ്രമേഹവും ഉള്ളതായി കണ്ടെത്തിയിരുന്നു. 19,2911  പേർ രക്തസമ്മർദത്തിനും 14,1073 പ്രമേഹത്തിനും 6166 പേർ ക്യാൻസറിനും ചികിത്സയിൽ ഉള്ളതായും കണ്ടെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top