22 December Sunday

നെഹ്റുട്രോഫി വള്ളംകളി മാറ്റിയതുമായി
സഹകരിക്കും: ബോട്ട്‌ ക്ലബുകൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചതിനെത്തുടർന്ന് പരിശീലനം അവസാനിപ്പിച്ച് 
പള്ളാത്തുരുത്തി ബോട്ട് ക്ലബ് കാരിച്ചാൽ ചുണ്ടനിൽ മടങ്ങുന്നു

ആലപ്പുഴ 
വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവച്ചതോടെ ചെലവ്‌ താങ്ങാൻ പറ്റാതാകുമെന്ന്‌ ബോട്ട്‌ ക്ലബുകൾ. എങ്കിലും തീരുമാനവുമായി സഹകരിക്കുമെന്ന്‌ വിവിധ ക്ലബ്‌ ഭാരവാഹികൾ പറഞ്ഞു.
വള്ളംകളി നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ക്ലബുകൾ പരിശീലനത്തിന്റെ അവസാന ഘട്ടത്തിലേക്ക്‌ കടന്നിരുന്നു. വിവിധ ക്ലബുകൾ ട്രാക്ക്‌ എൻട്രിയടക്കം നടത്തി. ഒരുമാസം മുമ്പേ ക്യാമ്പ്‌ തുറന്ന്‌ തുഴച്ചിൽക്കാർക്ക്‌ കായിക പരിശീലനമടക്കം ആരംഭിച്ച ക്ലബുകളുണ്ട്‌. മത്സരം നീളുന്നതോടെ  പരിശീലനത്തിന്റെ ഓളം നഷ്ടമാകും. ചെലവും കൂടും. ഭൂരിഭാഗം ക്ലബുകളും പരിശീലനം നിർത്തിവയ്‌ക്കും. 
കുറച്ചു ദിവസങ്ങൾക്കുള്ളിൽ മത്സരം നടക്കുമെങ്കിൽ നഷ്ടമുണ്ടായാലും ക്യാമ്പ്‌ തുടരുമെന്ന്‌ പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്‌ സെക്രട്ടറി സുനീർ അറിയിച്ചു. താമസ സൗകര്യവും ഭക്ഷണവും തുഴച്ചിലുകാരുടെ ചെലവുമടക്കം ദിവസവും ലക്ഷങ്ങൾ ചെലവ്‌ വരുന്നതിനാൽ പരിശീലനം നിർത്തിവയ്ക്കേണ്ടി വരുമെന്ന്‌ കൈനകരി വില്ലേജ്‌ ബോട്ട്‌ ക്ലബിന്റെ ലീഡിങ്‌ ക്യാപ്‌റ്റൻ പി ബൈജു കുട്ടനാട്‌ പറഞ്ഞു.
ദുരന്ത പശ്ചാത്തലത്തിൽ അധികാരികളുടെ തീരുമാനത്തിനോട്‌ ചേർന്ന്‌ മുന്നോട്ടു പോകാൻ തയ്യാറാണെന്നും ഇരുവരും പറഞ്ഞു.
ക്ലബുകളുമായി എൻടിബിആർ സൊസൈറ്റി നടത്തുന്ന യോഗത്തിൽ പുതിയ തീയതി തീരുമാനിക്കും. നേരത്തെ നിശ്ചയിച്ച സാംസ്‌കാരിക ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു. പ്രളയത്തെത്തുടർന്ന് 2018ലും 2019ലും നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചിരുന്നു. കോവിഡ് സമയത്ത്‌ വള്ളംകളി നടത്തിയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top