22 November Friday

യുവതിയുടെ വയറ്റിൽ പഞ്ഞി 
കുടുങ്ങിയിട്ടില്ലെന്ന് ഡോക്ടർമാർ

സ്വന്തം ലേഖകൻUpdated: Monday Sep 2, 2024
 
ഹരിപ്പാട്
താലൂക്ക് ആശുപത്രിയിൽ പ്രസവശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയായ യുവതിയുടെ വയറ്റിൽ പഞ്ഞികുടുങ്ങിയെന്ന പരാതി അടിസ്ഥാനരഹിതമെന്ന്‌ ഇവരെ പരിചരിച്ച മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ. ഇങ്ങനെയൊരു പരാതി വന്നത്‌ തെറ്റിദ്ധാരണ മൂലമാകാമെന്ന്‌ ഡോക്‌ടർമാർ പറഞ്ഞു.
ജൂലൈ 23ന്‌ രാത്രി പതിനൊന്നോടെയാണ്‌ യുവതിയെ ഹരിപ്പാട്‌ ആശുപത്രിയിൽ എത്തിച്ചത്‌. തുടർന്ന്‌ ശസ്‌ത്രക്രിയ നടത്തി. മൂന്നാമത്തെ ദിവസം മുറിവ്‌ വീങ്ങിയതായി കണ്ടതിനാൽ രക്തം പരിശോധിച്ചിരുന്നു. ഹീമോഗ്ലോബിൻ അളവ്‌ കുറഞ്ഞതിനാൽ ഒരു കുപ്പി രക്തവും നൽകി. തൊട്ടടുത്ത ദിവസവും ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന്‌ സ്‌കാൻ ചെയ്‌തപ്പോഴാണ്‌ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്‌. 
മേജർ ഓപ്പറേഷൻ നടത്തിയ ഭാഗത്ത്‌ അടുത്ത ശസ്‌ത്രക്രിയ വേണമെങ്കിൽ മെഡിക്കൽ കോളേജിലോ സമാനസൗകര്യങ്ങളുള്ള റഫറൽ ആശുപത്രികളിലോ രോഗിയെ എത്തിക്കണമെന്ന്‌ നിയമമുണ്ട്‌. ഇതനുസരിച്ചാണ്‌ യുവതിയെ ജൂലൈ 27ന്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. തുടർന്ന്‌, ആഗസ്‌ത്‌ ആറിന്‌ ശസ്‌ത്രക്രിയ നടത്തി. ഇതോടെ  രോഗാവസ്ഥ മാറി ആശുപത്രി വിട്ടു.
ഹരിപ്പാട്‌ ആശുപത്രിയിലെ ചികിത്സയുടെ വിശദാംശങ്ങളിൽ അപാകതയില്ലെന്നാണ്‌ മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ പറയുന്നത്‌. യുവതിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കായംകുളം ഡിവൈഎസ്‌പി അന്വേഷണം തുടങ്ങി.
‘ക്ലോട്ട്‌’ നീക്കം ചെയ്യണം എന്ന്‌ പറഞ്ഞത്‌ ‘കോട്ടൺ’ നീക്കം ചെയ്യണമെന്നാക്കി വ്യാജവാർത്ത നൽകിയതാണെന്ന്‌ യുവതിയെ പരിചരിച്ച ഡോ. ജെയ്‌ൻ ജേക്കബ്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.  സത്യാവസ്ഥ മനസിലാക്കാതെ ഒരാളെ തൊഴിൽപരമായി എങ്ങനെ തകർക്കാമെന്നതിന്റെ ഉദാഹരണമാണിത്‌. 20 വർഷം ജോലി ചെയ്‌ത പരിചയമുണ്ട്‌. 
എന്നാൽ ഇനിമുതൽ ‘പഞ്ഞി വയറ്റിൽ തുന്നിക്കെട്ടി വച്ച ഡോക്‌ടർ’  എന്ന തരത്തിൽ പരിചയപ്പെടുത്താവുന്ന നിലവാരത്തിലേക്ക്‌ മാധ്യമങ്ങൾ എത്തിച്ചെന്നും അവർ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top