പാലക്കാട്
കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ പുതിയടത്തുപറമ്പിൽ അബ്ദുൾനാസറിനെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ഒലവക്കോട് സ്വദേശിയായ യുവതിയിൽനിന്നാണ് പണം തട്ടിയത്. ഇവർ മുംബൈയിൽനിന്ന് ഫെഡ്‌എക്‌സ് എന്ന സ്ഥാപനം മുഖേന തായ്‌വാനിലേക്ക് അയച്ച കൊറിയറിൽ മയക്കുമരുന്ന് ഉണ്ടെന്നും കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾ പറഞ്ഞുവിശ്വസിപ്പിച്ചു. കേസ് ഒതുക്കാനെന്ന പേരിൽ ഗൂഗിൾപേ വഴി 98,000 രൂപയാണ് കൈക്കലാക്കിയത്.
തട്ടിയെടുത്ത പണം അബ്ദുൾനാസർ ആലപ്പുഴ വണ്ടാനം വൃക്ഷവിലാസം തോപ്പിൽ അൻസിൽ (36) എന്നയാൾക്ക് കൈമാറി. അൻസിൽ തുക പിൻവലിച്ച് മറ്റൊരു പ്രധാന പ്രതിക്ക് നൽകിയതായി കണ്ടെത്തി. കേസിൽ ആലപ്പുഴ സ്വദേശികളായ ഷാജഹാൻ, അൻസിൽ കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, മിഥുലാജ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് തുക അബ്ദുൾനാസറിന്റെ അക്കൗണ്ടിലൂടെയാണ് വന്നതെന്നും സമാനമായ തട്ടിപ്പിലൂടെ രണ്ടുകോടി രൂപയോളം കൈമാറാൻ ഇയാളുടെ അക്കൗണ്ട് ഉപയോഗിച്ചുവെന്നും വ്യക്തമായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..