17 September Tuesday

ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ചു
ഭാര്യയുടെ മാല കവർന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

മോഷണം നടന്ന വീട്ടിൽ പൊലീസ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു

തണ്ണീർമുക്കം
ഗൃഹനാഥനെ കുത്തി താഴെയിട്ടശേഷം വീട്ടമ്മയുടെ മാല അപഹരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡ് കട്ടച്ചിറ പാലത്തിന് സമീപം ചിറയിൽ സണ്ണി എന്ന് വിളിക്കുന്ന മാത്തുക്കുട്ടിക്ക്‌ (65) നേരെയാണ്‌ ആക്രമണം. ഞായർ പുലർച്ചെ മൂന്നിന് മുഖംമൂടിധരിച്ച മോഷ്‌ടാക്കൾ വീട്ടിലെത്തി കോളിങ് ബെൽ അടിച്ച് വിളിച്ചുണർത്തി. ശേഷം നെഞ്ചിനും ചുമലിലും കുത്തിപ്പരിക്കേൽപ്പിച്ച് ഭാര്യ എലിസമ്മയുടെ കഴുത്തിൽ കിടന്ന രണ്ടേമുക്കാൽ പവൻ സ്വർണമാല അപഹരിച്ചു. സണ്ണി വീടിനോട് ചേർന്ന്‌ പലചരക്ക് കട നടത്തുന്നുണ്ട്. പുലർച്ചെ സാധനം വാങ്ങാൻ കടയിലെത്തിയ അത്യാവശ്യക്കാരാണെന്ന് കരുതിയാണ് വാതിൽ തുറന്നത്. വാതിൽ തുറന്നതും മോഷ്‌ടാക്കൾ സണ്ണിയുടെ കൈയിൽ കുത്തി. വീടിനു മുന്നിലുണ്ടായിരുന്ന അരിവാൾ ഉപയോഗിച്ച് സണ്ണിയെ ആക്രമിച്ചു. ബഹളം കേട്ട് പുറത്തേക്ക് വന്ന സണ്ണിയുടെ ഭാര്യ എലിസമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച്‌ കൈക്കലാക്കി. ചേർത്തല പൊലീസ് എത്തിയാണ് ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ മറ്റാരുമില്ലായിരുന്നു. മകൻ ബംഗളൂരുവിലും മകൾ എറണാകുളത്തെ ആശുപത്രിയിൽ നഴ്സായും ജോലിചെയ്യുകയാണ്‌. ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.  ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ മണം പിടിച്ചശേഷം ചേർത്തല തണ്ണീർമുക്കം റോഡിൽ പടിഞ്ഞാറ് വശത്തെക്ക് ഓടി സെന്റ്‌ ആന്റണീസ് സ്‌കൂളിന് സമീപത്തെ ടാക്‌സി ഹൗസിലെത്തിനിന്നു. ചേർത്തല ഡിവൈഎസ്‌പി ബെന്നി, സിഐ കെ എസ് ജയൻ, എസ്ഐ അനിൽകുമാർ, ജെ സണ്ണി, സ്‌പെഷ്യൽ ബ്രാഞ്ച് എസ്ഐ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top