19 November Tuesday
എസ്എഫ്ഐ നേതാവിന്റെ കൈവെട്ടിയ കേസ്‌

വാർത്ത അടിസ്ഥാനരഹിതം: 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
കായംകുളം
എസ്എഫ്ഐ നേതാവിന്റെ കൈവെട്ടിയ കേസിൽ മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ കോടതി ശിക്ഷിച്ചു എന്ന നിലയിൽ ചിലപത്രങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് സിപിഐ എം കായംകുളം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി സജിത്തിനെ വെട്ടിയ കേസിൽ പ്രതിയായ ബി കെ നിയാസ് പാർട്ടി ലോക്കൽ കമ്മിറ്റി അംഗമോ ഏതെങ്കിലും സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളോ അല്ല. എരുവ ലോക്കൽ കമ്മിറ്റിയിൽ ഒരു ബ്രാഞ്ചിലെ പാർട്ടി ഗ്രൂപ്പിൽ  കാൻഡിഡേറ്റ് അംഗമായി (ഒരാൾ പാർട്ടി അംഗമാകാൻ യോഗ്യനാണോയെന്ന പരിശോധനയുടെ ഘട്ടം) വന്നതിനുശേഷമാണ്‌  സജിത്തിനെ വെട്ടിയ കേസിൽ പ്രതിയാണ് എന്ന വിവരം  നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.  അപ്പോൾ തന്നെ ഇയാളെ  കാൻഡിഡേറ്റ് അംഗത്വത്തിൽനിന്ന്‌ ഒഴിവാക്കുകയും ചെയ്തു. നിയാസ് ഡിവൈഎഫ്ഐ അടക്കമുള്ള ഒരു വർഗ ബഹുജന സംഘടനയിലും അംഗമായിട്ടില്ല. ഇയാൾക്ക് പാർട്ടിയുമായി ഒരുതരത്തിലുള്ള ബന്ധവുമില്ല. 
സജിത്തിനെ വെട്ടിയ കേസ് നടത്തുന്നതിൽ പാർട്ടി ശക്തമായി ഇടപെട്ടതിനെ തുടർന്നാണ് നിയാസ് അടക്കമുള്ള ഏഴ്‌ പ്രതികളെ ശിക്ഷിച്ചത്. ഇതാണ് വസ്തുത എന്നിരിക്കെ, നിയാസ്  ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ഭാരവാഹിയും ആയിരുന്നു എന്ന വാർത്തകൾ സത്യവിരുദ്ധമാണെന്നും പാർട്ടിയെ സ്‌നേഹിക്കുന്നവർ ഇത്‌ തള്ളിക്കളയണമെന്നും   ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top