കായംകുളം
തന്നെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ ശിക്ഷിച്ച കോടതിവിധിയിൽ സന്തോഷമുണ്ടെന്ന് അക്രമത്തിന് ഇരയായ എസ് എഫ് ഐ നേതാവ് സജിത്ത് പറഞ്ഞു.2009 നവംബർ രണ്ടിന് രാത്രി ഏഴിന് കെ പി റോഡിൽ കായംകുളം ഹെഡ്പോസ്റ്റോഫീസ് സമീപത്തായിരുന്നു പോപ്പുലർ ഫ്രണ്ട് സംഘം സജിത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന സജിത്തിന്റെ ബൈക്ക് തടഞ്ഞ് നിർത്തി അക്രമിസംഘം വടിവാൾ അടക്കമുള്ള മാരകായുധങ്ങളുപയോഗിച്ചാണ് വെട്ടിയത്. വെട്ടേറ്റ് ഇടതു കൈപ്പത്തിലേക്കുള്ള ഞരമ്പുകൾ അറ്റുപോയി. ശരീരമാകെ പരിക്കേറ്റു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈപ്പത്തി തുന്നിച്ചേർത്തത്.
ഇന്നും കൈപ്പത്തിക്ക് വേണ്ടത്ര സ്വാധീനമില്ല. അക്രമി സംഘത്തിൽപ്പെട്ട പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ നജീബ്, നജിം,അൻസാരി, റിയാസ്, അഷ്‌റഫ്, നിയാസ് എന്നിവരെയാണ് ഏഴ് വർഷവും, ഒമ്പത് മാസവും തടവിനും, 2,43,000 രൂപ പിഴയും ശിക്ഷിച്ച് മാവേലിക്കര അഡി.ജില്ലാ സെഷൻസ് കോടതി മൂന്ന് ഉത്തരവായത്. സിപിഐ എം ഏരിയാ കമ്മിറ്റിയുടെ ജാഗ്രതയോടു കൂടിയ ഇടപെടലും പൊലീസ് സഹായവും ഗവ. പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടർ കെ സജികുമാർ, മുൻ പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി സന്തോഷ് എന്നിവരുടെ ജാഗ്രതയും നിയമപോരാട്ടത്തിന് കരുത്ത് പകർന്നതായി സജിത്ത് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..