22 November Friday
തണലായത്‌ അതിദാരിദ്ര്യമകറ്റാനുള്ള സർക്കാർ പദ്ധതി

അതിമധുരം വിതറും പൊടിയൻ 
പുള്ളോൻപാട്ടിൽ

കെ എസ്‌ ലാലിച്ചൻUpdated: Saturday Nov 2, 2024

മാരാരിക്കുളം തെക്ക് കുളമാക്കി മഠത്തിലെ പൊടിയന് പഞ്ചായത്ത്‌ പ്രസിഡന്റ് പി പി സംഗീത പുള്ളോർകുടവും വീണയും കൈമാറുന്നു

 

മാരാരിക്കുളം
കുളമാക്കി മഠത്തിലെ പൊടിയൻ പുള്ളോന് ഇനി പുതിയ പുള്ളോർ കുടത്തിലും വീണയിലും ശ്രുതിമധുരമായി പാടാം. പൊട്ടിയ പുള്ളോർ കുടം മാറ്റി പുതിയത് വാങ്ങാൻ നിവൃത്തിയില്ലാതെ തേങ്ങിയിരുന്ന പൊടിയന്റെ ജീവിത സ്വപ്‌നങ്ങൾക്ക്  ഈണം മീട്ടിയത് കുടുംബശ്രീയും.
നാലുപതിറ്റാണ്ടായി ഈ രംഗത്തുള്ള പൊടിയന് സംസ്ഥാന സർക്കാരിന്റെ ദാരിദ്ര്യ നിർമാർജന  പദ്ധതിയുടെ ഭാഗമായി മാരാരിക്കുളം തെക്ക് പഞ്ചായത്തും  സിഡിഎസും ചേർന്നാണ്   കുലത്തൊഴിൽ ചെയ്യാൻ കഴിയുന്ന തരത്തിൽ പുള്ളോർകുടവും വീണയും കൈമണിയും നൽകിയത്. ഭരണിക്കാവ് ഓലകെട്ടിയമ്പലത്തിൽ പുള്ളുവൻ സുരേഷ് ആണ് കുടുംബശ്രീ ജില്ലാ മിഷന്റെ  നിർദ്ദേശപ്രകാരം പുള്ളോർകുടവും വീണയും നിർമിച്ചത്. 
അച്ഛൻ വാസുവിന്റെയും അമ്മ അംബുജാക്ഷിയുടെയും കൂടെ പുള്ളവൻ പാട്ടിനു പോയിരുന്ന 55കാരനായ  പൊടിയൻ ഇവരുടെ കാലശേഷം തനിച്ചാണ് താമസം. പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽപ്പെട്ട ഇദ്ദേഹം 18–-ാം  വാർഡിൽ കുളമാക്കിയിൽ  ചെറിയ ഷെഡ്ഡിലാണ്  തലചായ്ക്കുന്നത്. 
ക്ഷേത്രങ്ങളിലും കാവുകളിലും പാടി കിട്ടിയിരുന്ന ചെറിയ വരുമാനത്തിലായിരുന്നു   ജീവിതം. പുള്ളോർ കുടം പൊട്ടിയതോടെ കാവുകളിൽ പോകാൻ കഴിയാതെയായി. കുടുംബ അവകാശമായി വലിയകലവൂർ ക്ഷേത്രത്തിൽ പാടാൻ  വ്യാഴവും ഞായറും പൊടിയൻ എത്തും. പൊട്ടിയ പുള്ളോർ കുടത്തിൽ കൊട്ടി നന്നായി പാടാൻ കഴിഞ്ഞില്ലെങ്കിലും ജനങ്ങൾ ചെറിയ  സഹായം നൽകിയിരുന്നു. 
ആറാംവാർഡ് അംഗം സി എസ് ജയചന്ദ്രൻ പൊടിയന്റെ അവസ്ഥ ക്ഷേത്രത്തിൽ കണ്ട്‌ മനസിലാക്കിയിരുന്നു. പിന്നീട് അതിജീവന പദ്ധതിയിൽ പൊടിയനെ ഉൾപ്പെടുത്തി സഹായിക്കുകയായിരുന്നു. മറ്റു അതിദരിദ്രരെയും പഞ്ചായത്ത്‌ ചേർത്തു പിടിച്ചിട്ടുണ്ട്.
വലിയ കലവൂർ കളത്തിൽച്ചിറ സർപ്പക്കാവിൽ  പഞ്ചായത്ത് പ്രസിഡന്റ്‌ പി പി സംഗീത കൈമാറിയ പുതിയ കുടത്തിലും വീണയിലും പാടി പൊടിയൻ പഞ്ചായത്തിനും കുടുംബശ്രീക്കും നന്ദിയോതി. വൈസ് പ്രസിഡന്റ്‌ വി സജി, പഞ്ചായത്ത് അംഗങ്ങളായ രജിമോൾ ശിവദാസ്, സി എസ്  ജയചന്ദ്രൻ, ടി പി ഷാജി, സെക്രട്ടറി കെ രേഖ, സിഡിഎസ് ചെയർപേഴ്സൺ ജി  ലളിത, കെ ബി ബിനു, പി ജി  സന്ധ്യ, കുടുംബശ്രീ അക്കൗണ്ടന്റ്‌ എൻ ടി  സിമി എന്നിവർ സംസാരിച്ചു .തണലായത്‌ അതിദാരിദ്ര്യമകറ്റാനുള്ള സർക്കാർ പദ്ധതി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top