ആലപ്പുഴ
കാലുകുത്താൻ ഇടമില്ല. എങ്കിലും എങ്ങനെയും പോയേ പറ്റൂവെന്ന അവസ്ഥയിലാണ് യാത്രക്കാർ. അതിനാൽ ഓരോ സ്‌റ്റേഷനിൽനിന്നും എറണാകുളത്ത് എത്തേണ്ട ജനങ്ങൾ ആലപ്പുഴ –-എറണാകുളം മെമുവിലേക്ക് തള്ളിക്കയറുകയാണ്. ചേർത്തലമുതൽ ഞെങ്ങിഞെരുങ്ങിയാണ് യാത്ര. ജീവനക്കാരും വിദ്യാർഥികളും ഐടി ജീവനക്കാരും സാധാരണക്കാരുമുൾപ്പെടെ ആശ്രയിക്കുന്ന ട്രെയിനിലെ ദുരവസ്ഥയാണിത്. നിരവധി യാത്രക്കാർ ബോധരഹിതരായി വീണിട്ടും ഇതൊന്നും കാണില്ലെന്നും പരിഹരിക്കില്ലെന്നുമുള്ള പിടിവാശിയിലാണ് റെയിൽവേ അധികൃതർ.
കൊല്ലത്തുനിന്ന് ആലപ്പുഴയിലെത്തിയശേഷം രാവിലെ 7.25ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന മെമു രാവിലെ ഒമ്പതിനാണ് എറണാകുളത്ത് എത്തേണ്ടത്. എന്നാൽ മിക്ക ദിവസങ്ങളിലും തുറവൂർ സ്‌റ്റേഷനിൽ യാത്രാസമയം കൂടാതെ 20 മിനിറ്റോളം ക്രോസിങ്ങിന് പിടിച്ചിടും. തിങ്ങിനിറഞ്ഞിരിക്കുന്ന ബോഗിയിൽ വായുസഞ്ചാരമില്ലാതെ വരുമ്പോൾ തളർന്ന് വീഴുകയാണ് യാത്രക്കാർ. തിരക്ക് കാരണം വാതിലിൽ തൂങ്ങിയാണ് പലരും യാത്ര ചെയ്യുന്നത്.
ദേശീയപാതാ വികസനം നടക്കുന്നതിനാൽ റോഡ് മാർഗം ആലപ്പുഴയിൽനിന്ന് എറണാകുളത്തെത്താൻ ചുരുങ്ങിയത് മൂന്നുമണിക്കൂറെങ്കിലും വേണം. ഈ കാരണത്താലും യാത്രക്കാർ ആശ്രയിക്കുക മെമുവിനെയാണ്.
ടിക്കറ്റില്ലാതെ
ജനശതാബ്‌ദി
മെമുവിനുശേഷം പിന്നീട് വരുന്ന കോഴിക്കോട് ജനശതാബ്‌ദി എക്‌സ്‌പ്രസ് 9.12നാണ് എറണാകുളം ജങ്‌ഷനിലെത്തുന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ യാത്രചെയ്യാനാകില്ല. എസിയുൾപ്പെടെയുള്ള കോച്ചുകളിൽ മിക്ക ടിക്കറ്റുകളും മൂന്ന് ദിവസത്തേക്ക് മുൻകൂറായി ബുക്ക് ചെയ്‌തിരിക്കും. കൗണ്ടർ ടിക്കറ്റ് സൗകര്യമില്ലാത്തതിനാൽ ജനാശതാബ്‌ദിയെ ദൈനംദിന യാത്രക്കാർ ആശ്രയിക്കുന്നതും കുറവാണ്. കോവിഡ് കാലത്ത് നിർത്തലാക്കിയ കൗണ്ടർ ടിക്കറ്റ് സൗകര്യം പുനഃസ്ഥാപിച്ചാൽ 10 ലക്ഷം രൂപയാണ് ജനശതാബ്‌ദി സർവീസിലൂടെ റെയിൽവേയ്‌ക്ക് ലാഭമുണ്ടാകുക. എന്നാൽ ഈ ആവശ്യത്തിന് നേരെയും കേന്ദ്രസർക്കാർ മുഖം തിരിക്കുന്നു. ആലപ്പുഴയ്‌ക്കുശേഷം ചേർത്തലയിൽ മാത്രമാണ് ജനശതാബ്‌ദിക്ക് സ്‌റ്റോപ്പുള്ളത്. അതിനാൽ ചെറിയ സ്‌റ്റേഷനുകളിൽനിന്നുള്ള യാത്രക്കാർക്ക് ഈ ട്രെയിൻ ഉപകരിക്കില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..