അമ്പലപ്പുഴ
കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്‌മിയെ കൊലപ്പെടുത്തിയശേഷം പ്രതി ജയചന്ദ്രൻ കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മൃതദേഹത്തില്‍നിന്നെടുത്ത മാലയും കമ്മലും ആലപ്പുഴ മുല്ലയ്‌ക്കലിലെ ജ്വല്ലറിയിൽനിന്നാണ് അമ്പലപ്പുഴ സിഐ എം പ്രതീഷിന്റെ നേതൃത്വത്തിൽ അന്വേഷകസംഘം കണ്ടെടുത്തത്. 27 ഗ്രാം സ്വര്‍ണം വിറ്റ തുക ജ്വല്ലറി ഉടമ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയായിരുന്നു.
കടം വീട്ടുന്നതിനാണ് ആഭരണങ്ങൾ വിറ്റതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വ്യാഴാഴ്‌ച കസ്‌റ്റഡിയില്‍ വാങ്ങിയ പ്രതിയെ ബുധനാഴ്‌ച കോടതിയില്‍ ഹാജരാക്കും. പുറക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് കരൂർ ഐവാട്ടുശേരി ജയചന്ദ്രന്‍ (53) കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്‌മിയെ തന്റെ കരൂരിലെ വീട്ടിലെത്തിച്ചാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ആറിന് രാത്രി വീട്ടില്‍ കൊണ്ടുവന്ന വിജയലക്ഷ്‌മിയെ ഏഴിന് പുലര്‍ച്ചെ കൊലപ്പെടുത്തി.
കരുനാഗപ്പള്ളി പൊലീസാണ് കേസെടുത്തത്. കൊല നടത്താൻ ഉപയോഗിച്ച വെട്ടുകത്തി മാത്രമാണ് തുടക്കത്തിൽ പൊലീസിന് ലഭിച്ചത്. കേസ് അമ്പലപ്പുഴ പൊലീസിന് കൈമാറിയശേഷമാണ് പ്രതി ഉപയോഗിച്ച വസ്‌ത്രങ്ങൾ, വിജയലക്ഷ്‌മി ധരിച്ചതും കെെയിൽ കരുതിയതുമായ വസ്‌ത്രങ്ങൾ, കൊലയ്‌ക്കുശേഷം വിജയലക്ഷ്‌മിയെ വലിച്ചിഴച്ച് സമീപത്തെ പുരയിടത്തിൽ എത്തിച്ച കയർ, കുഴിയെടുത്ത് മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ച മൺവെട്ടി എന്നിവ കണ്ടെത്തിയത്. വിജയലക്ഷ്‌മി അണിഞ്ഞ സ്വർണാഭരണങ്ങൾ ആലപ്പുഴയിലെ ജ്വല്ലറിയിൽ വിറ്റെന്ന് ചോദ്യംചെയ്യലിൽ ജയചന്ദ്രൻ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്നാണ് ഞായറാഴ്‌ച പ്രതിയെ എത്തിച്ച് സ്വര്‍ണം കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..