02 December Monday

ചെങ്ങന്നൂർ ഏരിയ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

സ്വന്തം ലേഖകൻUpdated: Monday Dec 2, 2024

സിപിഐ എം ചെങ്ങന്നൂർ ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു

 

ചെങ്ങന്നൂർ
സിപിഐ എം ചെങ്ങന്നൂർ ഏരിയ സമ്മേളനത്തിന് ടൗണിൽ ഉജ്വല തുടക്കം. സി കെ ഉദയകുമാർ നഗറിൽ (ചെങ്ങന്നൂർ സിറ്റിസൺസ് ക്ലബ്‌ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. തിങ്കളാഴ്‌ച പ്രതിനിധി സമ്മേളനം തുടരും.  ചൊവ്വാ വൈകിട്ട്‌ പ്രകടനവും ചുവപ്പുസേനാർ മാർച്ചും പൊതുസമ്മേളനവും നടക്കും.
ഞായർ രാവിലെ പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. മുതിർന്ന പാർടിയംഗം വി കെ വാസുദേവൻ പതാക ഉയർത്തി. പി ഉണ്ണികൃഷ്‌ണൻനായർ രക്തസാക്ഷി പ്രമേയവും കെ എസ് ഷിജു, കെ എസ് ഗോപിനാഥൻ എന്നിവർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ എം കെ മനോജ് സ്വാഗതം പറഞ്ഞു. ലോക്കൽ സമ്മേളനങ്ങൾ തെരഞ്ഞെടുത്ത 110 പ്രതിനിധികളും 21 ഏരിയ കമ്മിറ്റിയംഗങ്ങളുമടക്കം 131 പേർ സമ്മേളനത്തിൽ പങ്കെടുത്തു. 
  പി ഉണ്ണികൃഷ്ണൻ നായർ(കൺവീനർ), കെ എസ് ഷിജു, ഹേമലത മോഹൻ, എം സുമേഷ് എന്നിവരാണ്‌ പ്രസീഡിയം. വിവിധ സബ് കമ്മിറ്റികളെയും തെരെഞ്ഞെടുത്തു. ഏരിയ സെക്രട്ടറി എം ശശികുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ല സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്, കെ രാഘവൻ, എ മഹേന്ദ്രൻ, ജി രാജമ്മ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എച്ച് റഷീദ്, ആർ രാജേഷ്, പുഷ്പലതാ മധു, ജെയിംസ് ശമുവേൽ എന്നിവർ പങ്കെടുത്തു. ഉച്ചയ്‌ക്കുശേഷം പൊതുചർച്ച നടന്നു.
തിങ്കളാഴ്‌ച മറുപടിക്ക് ശേഷം പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ചൊവ്വ വൈകിട്ട് അഞ്ചിന് പ്രകടനവും ചുവപ്പുസേന മാർച്ചും. കോടിയേരി ബാലകൃഷ്‌ണൻനഗറിൽ (മാർക്കറ്റ് ജങ്‌ഷൻ) ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യും.

ബിജെപിയെ പ്രോത്സാഹിപ്പിക്കുന്നത്‌ 
കോൺഗ്രസ്‌: സി എസ്‌ സുജാത

ചെങ്ങന്നൂർ
കേരളത്തോട്‌ അവഗണന കാട്ടുന്ന കേന്ദ്ര ബിജെപി സർക്കാരിന്‌ എല്ലാവിധ പ്രോത്സാഹനവും നൽകുന്നത്‌ യുഡിഎഫ്‌ ആണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിനെ തകർക്കാൻ എല്ലാ തീവ്രവാദ സംഘടനകളും കൈകോർക്കുകയാണ്‌. സിപിഐ എം ചെങ്ങന്നൂർ ഏരിയ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു സുജാത. 
  എൽഡിഎഫ്‌ സർക്കാരിനെ തകർക്കാൻ ആസൂത്രിത ശ്രമം നടത്തുകയാണ്‌. ഈ സർക്കാർ തുടരുന്നത്‌ യുഡിഎഫിനും ബിജെപിക്കും സഹിക്കുന്നില്ല. ഒരുവശത്തുകൂടി ആർഎസ്‌എസിന്റെയും മറുവശത്തുകൂടി എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനകളുടെയും പിന്തുണ തേടുകയാണ്‌ കോൺഗ്രസ്‌. അപവാദ പ്രചാരണങ്ങളിലൂടെ സർക്കാരിനെയും പാർടിയെയും തകർക്കാനാകില്ലെന്ന്‌ മനസിലായതോടെ പ്രതിപക്ഷം തീവ്രവാദ സംഘടനകളെ കൂട്ടുപിടിക്കുന്നു.  
   കേരളത്തിന്‌ അർഹമായ വിഹിതംപോലും നൽകാത്ത കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്‌ മിണ്ടുന്നില്ല. ഒറ്റയ്‌ക്ക്‌ ഭരിക്കാൻ ഭൂരിപക്ഷം നഷ്‌ടമായിട്ടും മുൻകാല നയങ്ങളിൽനിന്ന്‌ പിന്നോട്ടില്ലെന്നാണ്‌ ബിജെപിയുടെ നയസമീപനം വ്യക്തമാക്കുന്നത്‌. പഴയ അജൻഡ അവർ ഉപേക്ഷിച്ചിട്ടില്ല. ഇതിനെ എതിർക്കുന്നത്‌ ഇടതുപക്ഷമായതിനാൽ അവർ കേരളത്തോട്‌ പകപോക്കുകയാണ്‌. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തണം. 
    മതനിരപേക്ഷ ശക്തികളെ ചേർത്തുനിർത്താൻ കോൺഗ്രസിനാകില്ല. ബിജെപിയുമായി ഏറ്റുമുട്ടിയ ഭൂരിഭാഗം സീറ്റുകളിലും കോൺഗ്രസ്‌ തോറ്റു. ജയിച്ചിടത്തെല്ലാം മറ്റ്‌ സംഘടനകളുടെ പിന്തുണയുണ്ടായിരുന്നു. ഇന്ത്യ കൂട്ടായ്‌മ അംഗീകരിച്ച സ്ഥാനാർഥികൾക്കെതിരെ പോലും കോൺഗ്രസ്‌ സ്ഥാനാർഥിയെ നിർത്തി. കോൺഗ്രസിന്റെ ഈ നിലപാടുമൂലം ഇന്ത്യ കൂട്ടായ്‌മയുടെ നിരവധി സ്ഥാനാർഥികൾ നിസാര വോട്ടിന്‌ തോറ്റു. തിരിച്ചടികളിൽനിന്ന്‌ പഠിക്കാത്ത പാർടിയാണ്‌ കോൺഗ്രസെന്നും സുജാത പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top