അമ്പലപ്പുഴ
തീരസംരക്ഷണത്തിന് പുത്തൻ ചുവടുവയ്‌പുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്. 2024-–-25 വാർഷിക പദ്ധതിയിൽപ്പെടുത്തി കണ്ടൽ ബ്രിഗേഡ് എന്ന പേരിലാണ് തീരസംരക്ഷണമാരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളിലെ തീരശോഷണം, ആഗോളതാപനം മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭം, കടലാക്രമണം, തീരദേശങ്ങളിൽ ഉപ്പുവെള്ളം വ്യാപിക്കുന്നത് എന്നിവ തടയാനും അന്തരീക്ഷത്തിൽ ഓക്‌സിജന്റെ അളവ് കൂട്ടാനുമാണ് പദ്ധതി നടപ്പാക്കുന്നത്.
തോട്ടപ്പള്ളിമുതൽ പറവൂർവരെയുള്ള 19 കിലോമീറ്റർ കടൽത്തീരത്തിന് അനുയോജ്യമായ കണ്ടലിനങ്ങൾ തെരഞ്ഞെടുത്താണ് നട്ടുവളർത്തുന്നത്. 2500 തൊഴിൽദിനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭ്യമാക്കും. തൊഴിലാളികൾക്ക് പ്രത്യേക തിരിച്ചറിയൽ കാർഡും നൽകും. തോട്ടപ്പള്ളിയിൽ ആരംഭിക്കുന്ന പദ്ധതി മൂന്ന് മാസത്തിനുശേഷം മറ്റ് പഞ്ചായത്തുകളിലും വ്യാപിപ്പിക്കും. 500 മീറ്റർ നീളത്തിലാണ് തുടക്കത്തിൽ കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കുക. ഒരുകോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. തോട്ടപ്പള്ളി കടൽത്തീരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അധ്യക്ഷയായി. നവകേരള കർമപദ്ധതി സംസ്ഥാന കോ–--ഓർഡിനേറ്റർ എസ് യു സജീവ്, അന്തർദേശീയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്‌ടർ ഡോ. കെ ജി പത്മകുമാർ, എസ് ശ്രീകുമാർ, കെ എസ് രാജേഷ്, എ എസ് സുദർശനൻ, ശോഭ ബാലൻ, എസ് ഹാരിസ്, പി ജി സൈറസ്, സജിത സതീശൻ, പി അഞ്‌ജു, വി എസ് മായാദേവി, എ പി സരിത, എം ഷീജ, ആർ ജയരാജ്, ശ്രീജ രതീഷ്, സി എച്ച് ഹമീദ്കുട്ടി ആശാൻ, ബി ഇന്ദു, ധനലക്ഷ്‌മി, എസ് ഷൈസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..