26 December Thursday
കൊടകര കുഴൽപ്പണക്കേസ്‌ 
കേന്ദ്രം അന്വേഷിക്കാത്തതെന്ത്‌: സജി ചെറിയാൻ

സിപിഐ എം ഹരിപ്പാട്‌ ഏരിയ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

സ്വന്തം ലേഖകൻUpdated: Sunday Nov 3, 2024

സിപിഐ എം ഹരിപ്പാട് ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട്
ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി ജില്ലയിലെ ആദ്യ സിപിഐ എം ഏരിയ സമ്മേളനത്തിന്‌ ഹരിപ്പാട്ട്‌ ഉജ്വല തുടക്കം. സീതാറാം യെച്ചൂരി (ഡാണാപ്പടി എം സി എം ഓഡിറ്റോറിയം) നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്‌ഘാടനംചെയ്‌തു. പ്രതിനിധികൾ പ്രകടനമായെത്തി ഡാണാപ്പടി ജങ്ഷനിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുതിർന്ന പ്രതിനിധി എൻ സോമൻ സമ്മേളന നഗറിൽ പതാക ഉയർത്തി. 
കെ മോഹനൻ (കൺവീനർ), പി ഓമന, എസ് സുരേഷ്‌കുമാർ, സി എൻ എൻ നമ്പി, സലിം കരുവാറ്റ എന്നിവരാണ് പ്രസീഡിയം. അഡ്വ. എം എം അനസ് അലി രക്തസാക്ഷി പ്രമേയവും എസ് സുരേഷ്, സി രത്‌നകുമാർ എന്നിവർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സി പ്രസാദ്‌ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.  സ്വാഗതസംഘം ചെയർമാൻ എസ് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. 
ജില്ലാ സെക്രട്ടറി ആർ നാസർ, സെക്രട്ടറിയറ്റംഗങ്ങളായ എം സത്യപാലൻ, കെ എച്ച്‌ ബാബുജാൻ, ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ ദേവകുമാർ, സി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു.
11 ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള 102 പ്രതിനിധികളും 21 ഏരിയകമ്മിറ്റി അംഗങ്ങളും അടക്കം 123 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. റിപ്പോർട്ടിൽ പൊതുചർച്ച ആരംഭിച്ചു. ഞായറാഴ്‌ചയും തുടരും. മറുപടിക്കുശേഷം പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
 
കൊടകര കുഴൽപ്പണക്കേസ്‌ എന്തുകൊണ്ടാണ്‌ കേന്ദ്ര സർക്കാർ അന്വേഷിക്കാത്തതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ചോദിച്ചു. ലീഗ്‌ നേതൃത്വത്തിൽ നടത്തുന്ന ന്യൂനപക്ഷ ഏകീകരണം ആർഎസ്‌എസിന്റെ വർഗീയ ചേരിതിരിവിന്റെ മറുരൂപമാണെന്നും സിപിഐ എം ഹരിപ്പാട്‌ ഏരിയ സമ്മേളനം ഉദ്‌ഘാടനംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു. 
ബിജെപി നടത്തിയ കുഴൽപ്പണ ഇടപാട്‌ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ എഫ്‌ഐആർ അടക്കം കേന്ദ്രത്തിന്‌ നൽകി. എന്നിട്ടും അന്വേഷണമില്ല. 42 കോടി രൂപ കുഴൽപ്പണമായി എത്തിയെന്നാണ്‌ വിവരം. കുറഞ്ഞ കാലത്തിനുള്ളിൽ ബിജെപിക്കാർ കോടികളുടെ ആസ്തിയുള്ളവരായി മാറിയത്‌ ഇങ്ങനെയാണ്‌. 
തീവ്രവാദ സംഘടനകളായ എസ്‌ഡിപിഐ, ജമാ അത്തെ ഇസ്ലാമി എന്നിവരെയടക്കം യോജിപ്പിച്ച്‌ മുസ്ലിം ഏകീകരണത്തിന്‌ ലീഗ്‌ ശ്രമിക്കുന്നു. യുഡിഎഫ്‌ ഇതിന്‌ പിന്തുണ നൽകുന്നു. ആർഎസ്‌എസിനെ എതിർക്കുന്നതുപോലെ ഈ ശ്രമങ്ങളെയും എതിർക്കണം. അതേസമയം വർഗീയ ചേരിതിരിവ്‌ ഉണ്ടാക്കാൻ ക്രൈസ്‌തവർക്കിടയിൽ ബിജെപി കാമ്പയിൻ നടത്തുന്നു. 
കാസ എന്ന സംഘടന വഴി ക്രൈസ്‌തവർക്കിടയിൽ മുസ്ലിംവിരുദ്ധത പ്രചരിപ്പിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ആലപ്പുഴയായിരുന്നു അതിന്റെ പരീക്ഷണശാല. ഉത്തരേന്ത്യൻ മാതൃക ഇവിടെയും ആവർത്തിക്കുന്നു. സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണറെ ഉപയോഗിച്ച്‌ ആർഎസ്‌എസ്‌ നടത്തുന്ന ശ്രമങ്ങൾക്ക്‌ യുഡിഎഫ്‌ പിന്തുണ നൽകുന്നു. യുഡിഎഫിന്റെയും ബിജെപിയുടെയും സർവകലാശാല സംഘടനകൾ ഇതിന്‌ ഒത്താശയേകുന്നു. 
വിഴിഞ്ഞം പദ്ധതിക്ക്‌ കേന്ദ്രം നൽകാമെന്ന്‌പറഞ്ഞ തുകപോലും നൽകുന്നില്ല. തുറമുഖത്തിനായി മുഴുവൻ പണവും സംസ്ഥാനം മുടക്കണമെന്നാണ്‌ പറയുന്നത്‌. 811 കോടി രൂപ നൽകുമെന്നാണ്‌ പറഞ്ഞിരുന്നത്‌. അത്‌ വായ്‌പയായേ നൽകാനാകൂവെന്ന്‌ ഇപ്പോൾ പറയുന്നു. പലിശയടക്കം സംസ്ഥാന സർക്കാർ തിരിച്ചടയ്‌ക്കണം. സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയുടെ തുടർച്ചയാണിതെന്നും സജി ചെറിയാൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top