ആലപ്പുഴ > ഇറച്ചി ഉൽപ്പാദന വിപണന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ പൊതുമേഖല സ്ഥാപനമായ മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ(എംപിഐ). എംപിഐ ആവിഷ്‌കരിച്ച എംപിഐ മീറ്റ്സ് ആൻഡ് ബൈറ്റ്‌സ് പദ്ധതിക്ക് ആലപ്പുഴ ജില്ലയിൽ വൻ സ്വീകാര്യത. ഫ്രോസൺ ഇറച്ചിയുൽപ്പന്നങ്ങൾ വിപണനം ചെയ്തിരുന്ന എംപിഐ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിലൂടെയാണ് ന്യായവിലയ്‌ക്ക് ഫ്രഷ് ചിൽഡ് ഇറച്ചിയുടെ വിപണനം ലക്ഷ്യമിട്ട് പദ്ധതി ആരംഭിച്ചത്. ശാസ്‌ത്രീയമായി സംസ്‌കരിച്ച ശുദ്ധവും സുരക്ഷിതവുമായ ഇറച്ചിയെന്നതാണ് പ്രത്യേകത.
ജില്ലയിൽ കഴിഞ്ഞ 18നാണ് നാല് ഔട്ട്‌ലെറ്റുകൾ തുറന്നത്. എസ് ശ്രുതിയുടെ ഉടമസ്ഥതയിൽ ഹരിപ്പാട് നിർമാല്യം ബിൽഡിങ്ങിൽ, സിബി മാത്യുവിന്റെ ഉടമസ്ഥതയിൽ മാവേലിക്കര തട്ടാരമ്പലം മറ്റം കുരിയാൻപറമ്പിൽ ബിൽഡിങ്‌സിൽ, കായംകുളം കാക്കനാട് പെരിങ്ങാല ഫ്രഷ് ഫ്യൂഷൻ മധുര കോംപ്ലക്സിൽ, ബിൻസി ജോഷിയുടെ ഉടമസ്ഥതയിൽ തകഴി കേളമംഗലത്ത് എന്നിവിടങ്ങളിലാണ് നാല് ഉപകേന്ദ്രങ്ങൾ തുറന്നത്. 30ലേറെ വിവിധ ഇറച്ചിയുൽപ്പന്നങ്ങളാണ് ഇവ വഴി വിൽക്കുന്നത്. പൊതുജനങ്ങളുടെ ഭക്ഷ്യാഭിരുചി കണക്കിലെടുത്തും കൂടുതൽ വിപണന സാധ്യത കണക്കിലെടുത്തുമാണ് പദ്ധതി ആവിഷ്‌കരിച്ചത്.
തകഴി കേളമംഗലത്തെ വേളാച്ചേരിയിൽ ബിൻസി ജോഷിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഉപകേന്ദ്രത്തിൽ ഒരു ദിവസം 20 –- 30 കിലോ ബീഫാണ് വിൽക്കുന്നത്. ‘100 കിലോ വരെ വിറ്റുപോയാൽ നല്ല ലാഭമുണ്ടാകും. എംപിഐ ലൈവായി മാംസം നൽകുന്നത് ജനങ്ങൾ അറിഞ്ഞുവരുന്നതേയുള്ളൂ. ഇപ്പോൾ തന്നെ രണ്ടുദിവസത്തിനകം സ്‌റ്റോക്ക് തീരുന്നുണ്ട്’ –- ബിൻസിയുടെ ഭർത്താവ് ജോഷി വി ഫിലിപ്പോസ് പറഞ്ഞു.
എംപിഐയുടെ അറവുശാലയിൽ നിന്ന് നേരിട്ടാണ് വിൽപനയ്ക്ക് ആവശ്യമായ മാംസം എത്തിക്കുന്നത്. ഇത് രണ്ട് ഡിഗ്രി സെൽഷ്യസ് തണുപ്പിൽ ചില്ലറിൽ സുക്ഷിക്കും. ഫ്രോസൺ ഉൽപ്പന്നങ്ങൾ മൈനസ്18 ഡിഗ്രി തണുപ്പിൽ ഫ്രീസറിൽ സൂക്ഷിക്കും. വിദേശരാജ്യങ്ങളിൽ പിന്തുടരുന്ന മാതൃകയാണിത്. മൂന്നുദിവസം വരെ ഇങ്ങനെ മാംസം കേടാകാതെ സൂക്ഷിക്കാം. ഇതിൽ കൂടുതൽ ദിവസം ഇരിക്കുകയാണെങ്കിൽ അത് തിരിച്ച് കമ്പനി കൊണ്ടുപോകും. എന്നാൽ ഔട്ട്‌ലെറ്റ് തുടങ്ങി ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ജോഷിയും സാക്ഷ്യപ്പെടുത്തുന്നു.
ആർഒ പ്ലാന്റിൽ ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ചാണ് ഔട്ട്‌ലെറ്റിലെ എല്ലാ പ്രവ്യത്തികളും ചെയ്യുന്നത്. കത്തി ശുചീകരിക്കാൻ സ്‌റ്റെറിലൈസർ, മീറ്റ് കട്ട് മെഷീൻ, ഫ്രീസർ, ചില്ലർ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഫ്രൈ ചെയ്‌ത് നൽകാനുള്ള ഫ്രൈയർ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓരോ ഔട്ട്‌ലെറ്റും. വിൽപനയ്ക്ക് ശേഷം വരുന്ന മാലിന്യവും കമ്പനി ഓട്ട്‌ലെറ്റുകളിലെത്തി ശേഖരിക്കും. ബീഫിന് പുറത്ത് 400 രൂപയുള്ളപ്പോൾ 380 ആണ് എംപിഐ ഔട്ട്‌ലെറ്റിലെ വില. ചിക്കനും പുറത്തുള്ള വിലയേക്കാൾ കുറവാണിവിടെ.
‘നിലവിൽ 10 ഐറ്റമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ബീഫ്, ബഫലോ, ബ്രോയിലർ ചിക്കൻ( സ്‌കിൻ ഔട്ട്, സ്‌കിൻ ഇൻ), ചിക്കൻ ഫിംഗേഴ്‌സ്, ചിക്കൻ നഗട്ട്‌സ്, ചിക്കൻ മീറ്റ് ബാൾ, മീറ്റ് ഫിംഗേഴ്‌സ്, മീറ്റ് നഗട്ട്‌സ് എന്നിവ. ഇതുകൂടാതെ പോർക്ക്, മട്ടൺ, ബർഗർ, ചിക്കൻ സമോസ തുടങ്ങിയവയുമുണ്ട്. ഇവ കൂടി എത്തുമ്പോൾ കൂടുതൽ ആവശ്യക്കാർ കൂടും. ഒപ്പം കച്ചവടവും’ –- ബിൻസി പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..