24 November Sunday
ആലപ്പുഴ മെഡിക്കൽ കോളേജ്

ആശുപത്രി കെട്ടിടത്തിനും 
മോർച്ചറിക്കുമിടയിൽ 
പാസേജ് നിർമിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

 

 
ആലപ്പുഴ
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടവും മോർച്ചറി കെട്ടിടവും ബന്ധിപ്പിച്ചു കൊണ്ട് മൃതദേഹങ്ങൾ കൊണ്ടുപോകാൻ ആറുമാസത്തിനകം പാസേജ് നിർമിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കമീഷൻ അംഗം വി കെ ബീനാകുമാരി ഗവ. ടിഡി മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് നിർദേശം നൽകിയത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നത് തുറസായ സ്ഥലത്തിലൂടെയാണെന്നും രണ്ടു കെട്ടിടങ്ങൾ തമ്മിൽ ഒരു പാസേജ് നിർമിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. 
മെഡിക്കൽ കോളേജ് സൂപ്രണ്ടിൽ നിന്ന്‌ കമീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് 200 മീറ്റർ ദൂരെയാണ് മോർച്ചറി കെട്ടിടമുള്ളത്‌. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കാഷ്വാലിറ്റി ഇ ബ്ലോക്കിൽ നിന്ന്‌ പാസേജിലൂടെ കെ ബ്ലോക്കിലെത്തിച്ച് പുറത്തേക്കുള്ള വാതിൽ വഴിയാണ് മോർച്ചറി കെട്ടിടത്തിലെത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കെ ബ്ലോക്കിൽ നിന്ന് റോഡ് മുറിച്ച് കടന്ന് മോർച്ചറി കെട്ടിടത്തിലെത്തുന്നതിനുള്ള ദൂരം 50 മീറ്റർ മാത്രമാണെന്നാണ്‌ റിപ്പോർട്ടിൽ. മൃതദേഹത്തോട് ഒരു തരത്തിലുമുള്ള അനാദരവും ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
ആശുപത്രി കെട്ടിടവും മോർച്ചറി കെട്ടിടവും ബന്ധിച്ചുകൊണ്ട് പാസേജ് നിർമിക്കുന്നതിലെ പ്രയോഗികത ആരാഞ്ഞ് ആലപ്പുഴ പൊതുമരാമത്ത് കെട്ടിട ഉപ വിഭാഗത്തിന് കത്ത് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ഈ പാസേജ്‌  ഉടൻ നിർമിക്കണമെന്നാണ്‌ സൂപ്രണ്ടിനോട്‌ കമീഷൻ നിർദേശിച്ചത്. അമ്പലപ്പുഴ കോമന സ്വദേശി എം എ നാസർ സമർപ്പിച്ച പരാതിയിലാണ് നടപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top