22 October Tuesday
സംവരണം അട്ടിമറിക്കരുത്‌

കേന്ദ്രത്തിന്‌ താക്കീതുമായി പികെഎസ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

പികെഎസ് സംഘടിപ്പിച്ച ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസ് മാർച്ചും ധർണയും സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനംചെയ്യുന്നു

 
ആലപ്പുഴ 
പട്ടികജാതി ക്ഷേമസമിതി (പികെഎസ്‌) ജില്ലാകമ്മിറ്റി ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിലേക്ക്‌ മാർച്ചും ധർണയും സംഘടിപ്പിച്ചു. പട്ടികവിഭാഗത്തിന്റെ സംവരണം തകർക്കുന്ന സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രസർക്കാർ ഭരണഘടനാ ഭേദഗതി കൊണ്ടുവരിക, ജാതി സെൻസസ് നടത്തുക, സ്വകാര്യമേഖലയിൽ തൊഴിൽ സംവരണം നിയമംമൂലം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്‌.
ധർണ പികെഎസ്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ രാഘവൻ ഉദ്‌ഘാടനംചെയ്തു. പട്ടികജാതി വിഭാഗത്തിനെ സമ്പത്തുള്ളവരും ഇല്ലാത്തവരുമായി തരംതിരിച്ച്‌ സംവരണം നടപ്പാക്കുമെന്ന്‌ കേന്ദ്രസർക്കാർ പറയുന്നത്‌ സംവരണ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്‌. അംബേദ്‌കർ ദളിത്‌ വിഭാഗത്തിന്റെ ഉന്നമനത്തിനായി വിഭാവനം ചെയ്ത പദ്ധതികൾ പൂർണമായി നടപ്പാക്കാൻ മാറി മാറി വന്ന കേന്ദ്രസർക്കാരിനായില്ല. അതിനിടയിൽ സാമ്പത്തികമായി വേർതിരിച്ച്‌ സംവരണമെന്നതും പട്ടികജാതി വിഭാഗങ്ങളെ വേർതിരിച്ച്‌ സംവരണം നടപ്പാക്കുമെന്ന്‌ പറയുന്നതും അംഗീകരിക്കാനാവില്ലെന്ന്‌ കെ രാഘവൻ പറഞ്ഞു.  ഇത്‌ നടപ്പാക്കാൻ ശ്രമിക്കുകയാണെങ്കിൽ ബഹുജന നേതൃത്വത്തിൽ എതിർക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്‌കരിച്ച്‌ കരാർ തൊഴിലിടങ്ങളിലൂടെ സംവരണം അട്ടിമറിക്കാനുമാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. ജാതി സെൻസസ്‌ നടത്തേണ്ട കേന്ദ്ര സർക്കാർ അതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പികെഎസ്‌ ജില്ലാ പ്രസിഡന്റ്‌ ഡി ലക്ഷ്‌മണൻ അധ്യക്ഷനായി. പികെഎസ്‌ ജില്ലാ സെക്രട്ടറി ആർ രാജേഷ്‌, എം ഡി മോഹനൻ, പി ഡി സന്തോഷ്‌കുമാർ, ലൈലാ രാജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top