18 October Friday
സാമ്പത്തിക വർഷത്തെ ആദ്യവിതരണം

മരുന്നെത്തിച്ച് കെഎസ്‌ഡിപി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
 
സ്വന്തം ലേഖകൻ
ആലപ്പുഴ
സംസ്ഥാന പൊതുമേഖലാ മരുന്നു നിർമാണശാലയായ കെഎസ്‌ഡിപി ഉൽപ്പാദിപ്പിച്ച മരുന്നുകൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്ക്‌ വിതരണംചെയ്‌തു തുടങ്ങി. ആദ്യഘട്ടമായി അഞ്ച്‌ കോടി രൂപയുടെ മരുന്നുകൾ കൈമാറി. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും മരുന്നുകൾ എത്തിക്കും. കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷന്റെ വിവിധ ഡിപ്പോകളിലേക്ക്‌ കെഎസ്‌ഡിപി പ്രത്യേക വാഹനത്തിലാണ്‌ മരുന്നുകൾ ലഭ്യമാക്കുന്നത്‌. 40 ഇനം മരുന്നുകൾ വിതരണംചെയ്‌തു. ഇനി പ്രതിദിനം 40 ലക്ഷം രൂപയുടെ മരുന്നുകൾ എത്തിക്കുമെന്ന്‌ എംഡി ഇ എ സുബ്രഹ്‌മണ്യൻ പറഞ്ഞു. സംസ്ഥാനത്താകെ കെഎംഎസ്‌സിഎല്ലിന്റെ 14 ഡിപ്പോകളിലേക്കും നൽകേണ്ട  മരുന്നുകളുടെ അലോട്ട്‌മെന്റ്‌ ലഭിച്ചിരുന്നു. ഇതുപ്രകാരമാണ്‌ വിതരണം. ഈ സാമ്പത്തിക വർഷത്തെ ആദ്യവിതരണത്തിനാണ്‌ തുടക്കമായത്‌. 117.36 കോടി രൂപയുടെ മരുന്നുകൾ ലഭ്യമാക്കാനുള്ള ഓർഡറാണ്‌ ഇത്തവണ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ നൽകിയിരിക്കുന്നത്‌. സാമ്പത്തികവർഷം പകുതിയായിട്ടും കെഎസ്‌ഡിപിക്ക്‌ ഓർഡർ നൽകാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കമ്പനി ഉൽപ്പാദന പ്രതിസന്ധിയിലേക്ക്‌ നീങ്ങിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നാണ്‌ കമ്പനിക്ക്‌ ഓർഡർ നൽകാൻ തീരുമാനിച്ചത്‌. ഇതുപ്രകാരം 68 ഇനം മരുന്നുകൾ വാങ്ങാനുള്ള ലെറ്റർ ഓഫ് ഇൻഡന്റ്‌ കോർപറേഷൻ കൈമാറി. മുമ്പ്‌ 15 ഇനം മരുന്നുകൾ ലഭ്യമാക്കാൻ 15 കോടി രൂപയുടെ ഓർഡർ ലഭിച്ചിരുന്നു. ഇതടക്കം 83 ഇനം മരുന്നുകളാണ്‌ സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്കായി നിർമിച്ചു നൽകുക. 
കേരള മെഡിക്കൽ സർവീസസ് കോർപറേഷനു പുറമെ തെലങ്കാന, ആന്ധ്ര ഉൾപ്പെടെ സംസ്ഥാനങ്ങൾക്കും ഇവിടെനിന്ന്‌ മരുന്നുകൾ ഉൽപ്പാദിപ്പിച്ച്‌ നൽകുന്നുണ്ട്‌. ഈ രണ്ട്‌ സംസ്ഥാനങ്ങളിൽ നിന്നായി 30 കോടി രൂപയുടെ ഓർഡറുണ്ട്‌. കഴിഞ്ഞവർഷം കെഎംഎസ്‌ സിഎൽ 121 കോടി രൂപയുടെ ഓർഡർ നൽകിയ സ്ഥാനത്ത്‌ ഇത്തവണ 132.36 കോടിയായി ഉയർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top