23 December Monday
പവർഫുള്ളാണ്‌ ആലപ്പുഴക്കാർ

അയൺമാനായി 
രൂപേഷും കുടുംബവും

സ്വന്തം ലേഖകൻUpdated: Monday Nov 4, 2024

മത്സരശേഷം മെഡലുകളുമായി ഡോ. രൂപേഷും കുടുംബവും

 

ആലപ്പുഴ
ഗോവയിൽ നടന്ന അയൺമാൻ മത്സരങ്ങളിൽ വിജയികളായി ആലപ്പുഴ സ്വദേശികളായ കുടുംബം. 70.3 മൈൽ ഹാഫ്‌ അയൺമാൻ മത്സരത്തിൽ വിജയികളായി ഡോ. രൂപേഷ്‌ –- സുശീല പൈ ദമ്പതികൾ അഭിമാനനേട്ടം കൊയ്‌തപ്പോൾ മക്കളായ ആരുഷ് ആർ റാവുവും സുരേഷ് ആർ റാവുവും അയൺ കിഡ്‌ വിഭാഗത്തിലാണ്‌ വിജയികളായത്‌. 
കപ്പിൾ സി വിഭാഗം റിലേയിൽ രൂപേഷ്‌ നീന്തലും സൈക്ലിങ്ങും പൂർത്തിയാക്കിയപ്പോൾ പങ്കാളി ഓട്ടം പൂർത്തിയാക്കി. മലബാർ ഡെന്റൽ കോളേജിലെ പ്രൊഫസറും ആലപ്പുഴ ദന്തൽ ഹോം ഉടമയുമായ ഡോ. രൂപേഷ് മൂന്ന് തവണ അയൺമാൻ പട്ടം നേടിയിട്ടുണ്ട്‌. മൂന്നുതവണ ഹാഫ് അയൺമാനായി. 
ഇറ്റലിയിൽ ഈ വർഷം നടന്ന അയൺമാൻ ലോക ചാമ്പ്യൻഷിപ്പിൽ രൂപേഷ് 14 മണിക്കൂർ 13 മിനിറ്റിൽ മത്സരം പൂർത്തിയാക്കി. 2023ൽ സ്വീഡനിൽ നടന്ന അന്താരാഷ്‌ട്രമത്സരത്തിൽ 14.30 മണിക്കൂറിൽ മത്സരം തീർത്ത്  ഇന്ത്യൻ പതാക പാറിച്ചു. 2022ൽ എസ്‌റ്റൊണിയയിലും ഇദ്ദേഹം ചാമ്പ്യൻപട്ടം നേടി. 
ആലപ്പുഴ പാലസ്‌ വാർഡിൽ ഡെന്റൽ ഹോമിലാണ്‌ ഡോ. രൂപേഷും കുടുംബവും താമസിക്കുന്നത്‌. മക്കളായ സുരേഷ്‌ ആർ റാവു തുമ്പോളി മാതാ സ്‌കൂളിൽ 10–-ാം ക്ലാസ്‌ വിദ്യാർഥിയും ആരുഷ്‌ ആർ റാവു ആലപ്പുഴ എസ്‌ഡിവി സെൻട്രൽ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർഥിയുമാണ്‌.  
നീന്തിക്കയറി ഓടിക്കയറി..

കഠിനം ട്രയാത്തലൺ   

ലോകത്ത് ഒരുദിവസത്തിൽ നടക്കുന്നതിൽ ഏറ്റവും കഠിനമായ മത്സരങ്ങളിൽ ഒന്നാണ് അയൺമാൻ ട്രയാത്തലൺ. നാല്‌ കിലോമീറ്റർ കടലിൽ നീന്തി 180 കിലോമീറ്റർ സൈക്കിൾ ചവിട്ടി 42 കിലോമീറ്റർ ഓടുകയുംചെയ്യണം. 
ഇത് 16 മണി ക്കൂറിനുള്ളിൽ പൂർത്തിയാക്കുന്ന ആൾക്കാണ് അയൺമാൻ പട്ടം ലഭിക്കുന്നത്. ഇതിന്റെ നേർ പകുതി ദൂരം ഫിനിഷ്‌ ചെയ്യുന്നതാണ്‌ ഗോവയിൽ നടന്ന ഹാഫ്‌ അയൺമാൻ 70.3 മത്സരം. ഇന്ത്യയിൽ ഗോവയിൽ മാത്രമാണ് അയൺമാൻ 70.3 മത്സരം നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top