കാർത്തികപ്പള്ളി
ഭവനരഹിതരായവർക്കെല്ലാം വീട് നിർമിച്ചുനൽകുകയാണ് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിപിഐ എം മുതുകുളം ലോക്കൽ കമ്മിറ്റി മുൻ ദേശീയ ഗുസ്‌തിതാരം കൃഷ്‌ണപ്രിയയ്‌ക്ക് ബഹുജന പങ്കാളിത്തത്തോടെ നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ കൈമാറുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഭവനരഹിതരുടെ എണ്ണം ആദ്യസർവെയിൽ ഏഴുലക്ഷമായിരുന്നു. ലൈഫ് മിഷൻ വഴിയും പട്ടികജാതിവകുപ്പിന്റെയും ഫിഷറീസ്‌വകുപ്പിന്റെ പുനർഗേഹം പദ്ധതി വഴിയും അഞ്ചുലക്ഷത്തോളം വീടുകൾ സർക്കാർ നിർമിച്ചു. സന്നദ്ധസംഘടനകളും ആയിരക്കണക്കിന് വീടുകൾ നിർമിച്ചുനൽകി. പുതിയ കണക്ക് പ്രകാരം ഏഴ് ലക്ഷത്തോളം വീട് വേണം. ഒരുലക്ഷം വീടിന്റെയും നിരവധി ഫ്ലാറ്റുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന ഭവനരഹിതരെക്കൂടി കണ്ടെത്തി വീട് നൽകും.
2300 വീട് സിപിഐ എം നിർമിച്ചുകഴിഞ്ഞു. വയനാട്ടിൽ ഭവനരഹിതരായവർക്ക് ടൗൺഷിപ് നിർമിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വർഗീയവാദികൾ നാടിന്റെ മതനിരപേക്ഷ സ്വഭാവത്തെ ചോർത്താൻ ശ്രമിക്കുന്നു. എല്ലാ മതത്തിന്റെയും സാരം ഒന്നാണെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ നാട്ടിലാണ് വർഗീയവാദികൾ മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കമ്മിറ്റിയംഗം എം സുരേന്ദ്രൻ അധ്യക്ഷനായി. മുതിര്‍ന്ന പ്രവർത്തകരെ ജില്ല സെക്രട്ടറി ആർ നാസർ ആദരിച്ചു. ജില്ല സെക്രട്ടറിയറ്റംഗങ്ങളായ കെ എച്ച് ബാബുജാൻ, എം സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ സജീവൻ, സി ശ്രീകുമാർ ഉണ്ണിത്താൻ, ഏരിയ സെക്രട്ടറി വി കെ സഹദേവൻ, ലോക്കൽ സെക്രട്ടറി കെ എസ് ഷാനി, ആർ ഗോപി, കെ വാമദേവൻ, കെ ഉദയഭാനു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..