23 December Monday
ആദ്യ ടവർ നിർമാണം ഇന്ന്‌ തുടങ്ങും

ഇടതടവില്ലാത്ത വൈദ്യുതിക്ക്‌ 
പവർ ഇരട്ടിയാക്കും

സ്വന്തം ലേഖകൻUpdated: Monday Aug 5, 2024
 
മാവേലിക്കര
മാവേലിക്കരയ്‌ക്ക്‌ ഇടതടവില്ലാതെ വൈദ്യുതി കിട്ടാൻ ഇടപ്പോൺ,- മാവേലിക്കര 66 കെവി ലൈനുകളുടെ ശേഷി 110 ആക്കി വർധിപ്പിക്കുന്നു. 20 കോടിയുടെ പദ്ധതിക്ക്‌ തിങ്കളാഴ്‌ച തുടക്കമാകും. ആദ്യടവറിന്റെ നിർമാണം രാവിലെ 8.30ന് നൂറനാട് പുലിമേൽ കൂമ്പിളിമലയിൽ എം എസ്‌ അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യും. മാവേലിക്കര  ഡിവിഷൻ ഓഫീസിൽ പദ്ധതി അവതരണവും പ്രഭാതഭക്ഷണവുമുണ്ട്‌. 
  മാവേലിക്കര സബ്‌സ്‌റ്റേഷൻ രാജഭരണകാലത്തും ഇടപ്പോൺ സബ്‌സ്‌റ്റേഷൻ 1980ലുമാണ് പ്രവർത്തനം തുടങ്ങിയത്. 110 കെവി സബ്‌സ്‌റ്റേഷന്‌ കരുത്തായി ഒരു 110 കെവി ലൈനും രണ്ട് 66 കെവി ലൈനുമുണ്ട്‌. ഈ ലൈനിൽ തകരാർ സംഭവിച്ചാൽ മാവേലിക്കരയിലും കറ്റാനം, നങ്ങ്യാർകുളങ്ങര, കായംകുളം, വള്ളികുന്നം, ഓച്ചിറ എന്നിവിടങ്ങളിലും വൈദ്യുതി ഭാഗികമായി തടസപ്പെടാറുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് രണ്ട് 66 കെവി ലൈനുകളും 110 കെവി ആക്കുന്നത്. നിർമാണത്തിന് ആവശ്യമായ മുഴുവൻ സാമഗ്രികളും ലഭ്യമാക്കി.
നിലവിലേത്‌ അഴിച്ചുമാറ്റി അതേ റൂട്ടിലൂടെ പുതിയ ടവറുകൾ സ്ഥാപിച്ചാണ് ലൈൻ നിർമിക്കുന്നത്. പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആധുനിക സാങ്കേതികവിദ്യയിൽ കുറഞ്ഞ സ്ഥലം ആവശ്യമായ കൂടുതൽ ചെലവുവരുന്ന നാരോ ബേസ്ഡ് ടവറുകളാണ് സ്ഥാപിക്കുന്നത്. 2025 സെപ്‌തംബറിൽ പദ്ധതി പൂർത്തീകരിക്കും. 
  66 കെവി ശേഷി, 110 ആക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് എംഎൽഎ വൈദ്യുതിമന്ത്രിക്ക് നൽകിയ കത്തിലാണ്‌ തുക അനുവദിച്ചത്‌. മാവേലിക്കര സബ്‌സ്‌റ്റേഷനിൽ മുന്നൂറോളം 110 കെവി ഫീഡറുകളുടെ ലഭ്യത ഉറപ്പാക്കും. പ്രസരണശൃംഖല ശക്തിപ്പെടുമെന്നും എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top