22 December Sunday

മനക്കരുത്തിന്റെ 
മറുപേര് സിനി; 
സഹനപാഠവും..

അഞ്‌ജലി ഗംഗUpdated: Saturday Oct 5, 2024

കളർകോട് ജിഎൽപിഎസ് അധ്യാപിക കെ യു സിനി വിദ്യാർഥികൾക്കൊപ്പം

ആലപ്പുഴ
ഇതൊരു അസാധാരണമായ അതിജീവനകഥയാണ്‌. സി സർട്ടിഫിക്കറ്റ് നേടിയ എൻസിസി കേഡറ്റ്. ആലപ്പുഴ കനാൽ വാർഡ് സ്വദേശിനിയായ ആ പതിനെട്ടുകാരിക്ക് ഒരു ദിവസം പെട്ടെന്ന് പരസഹായമില്ലാതെ നടക്കാനാകാതെ വരുന്നു. വീണിടത്തുനിന്ന്‌ എഴുന്നേൽക്കാൻ ഒരാള് കൂട്ട് വേണം. മസ്‌കുലർ ഡിസ്ട്രോഫിയാണ്‌ രോഗമെന്ന് തിരിച്ചറിയുന്നു. മരുന്നില്ലെന്നറിഞ്ഞതോടെ വേദന സഹിച്ച്‌ ജീവിതത്തോട് പൊരുതിത്തുടങ്ങി. 26 വർഷത്തിനിപ്പുറം കളർകോട് ഗവ. എൽപി സ്‌കൂൾ അധ്യാപിക എന്ന മേൽവിലാസവും സ്വന്തമാക്കി. 
ഇതേരോഗമുള്ളവരുടെ ക്ഷേമത്തിനായി സംഘടനയിൽ  ഊർജസ്വലതയോടെ പ്രവർത്തിക്കുകയാണ് നാൽപ്പത്തിനാലുകാരിയായ കെ യു സിനി.
  "ഒരുമുറിയിൽനിന്ന് മറ്റൊന്നിലേക്ക് പോകുന്നതിനിടയിൽ പലപ്രാവശ്യം വീഴുന്ന ഒരാൾ എന്തിനാണ് പഠിക്കാൻ പോകുന്നതെന്നും കല്യാണം കഴിക്കുന്നതെന്നും ചോദിച്ചവരുണ്ട്. അവർക്കുമുന്നിൽ മുന്നിൽ ജീവിച്ചുകാണിക്കണമെന്ന് ഒരു വാശിയാരുന്നു.' സിനി പറയുന്നു. 1996ൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയിലാണ്  രോഗം തിരിച്ചറിഞ്ഞത്. താങ്ങും തണലുമായത് ബാപ്പ ഇ ഖാലിഖ് ഉസ്‌മാനും അമ്മ ഹംസത്തും. ഡിഗ്രി പഠനശേഷം എംഎൽടി കോഴ്സ് പഠിച്ചു. രോഗം എവിടെയാണ് കൂടുതൽ ബാധിച്ചത് എന്നറിയാൻ സ്വന്തം രക്തം പരിശോധിച്ചു. ലിമ്പ് ഗ്രിഡ് മസ്‌കുലാർ ഡിസ്ട്രോഫിയെന്ന് മനസിലാക്കി. 2004-–-2006ൽ ആലപ്പുഴ ടിടിഐയിൽനിന്ന് ടിടിസി പാസായി. പല കോഴ്‌സുകൾ ചെയ്‌തു. പിഎസ്‌സി പരീക്ഷകളും എഴുതി. 2010ൽ നെടുമുടി സൗത്ത്‌ ജിയുപിഎസിൽ അധ്യാപികയായി. 2016ലാണ് കളർകോടിലേക്ക്  വരുന്നത്. കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷനിലും സജീവപ്രവർത്തകയാണ്.
  വീൽചെയറിൽ സഞ്ചരിക്കുന്ന സിനിക്കായി സ്‌കൂൾ മന്ദിരം ഭിന്നശേഷി സൗഹൃദ ഇടമാക്കി. ഓൾ കേരള വീൽചെയർ യൂസേഴ്സ് സൊസൈറ്റിയിലും അംഗമാണ്. ഓട്ടിസം ബാധിച്ച കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും സൗജന്യമായി ഓൺലൈനിൽ ക്ലാസെടുക്കുന്നുണ്ട്‌. എല്ലാത്തിനും ഭർത്താവ് മുജീബ് റഹ്മാൻ കൂടെയുണ്ട്. എട്ടാം ക്ലാസുകാരി ആദില ഫാത്തിമയാണ് മകൾ.  എല്ല്‌ നുറുങ്ങുന്ന വേദനയിലും അതിജീവിക്കാൻ കരുത്ത് നൽകുന്നത് അധ്യയനമാണെന്ന് സിനി സാക്ഷ്യപ്പെടുത്തുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top