23 November Saturday

വിദ്യാകിരണമേറ്റ്‌ വിളങ്ങാൻ 
4 വിദ്യാലയംകൂടി

സ്വന്തം ലേഖകൻUpdated: Saturday Oct 5, 2024

കുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം

ആലപ്പുഴ
വിദ്യാകിരണമേറ്റ്‌ മികവിന്റെ കേന്ദ്രങ്ങളായി തിളങ്ങാൻ ജില്ലയിലെ നാല് വിദ്യാലയങ്ങൾകൂടി ഒരുങ്ങി.  സംസ്ഥാനത്താകെ പുതിയതായി നിർമിച്ച 30 സ്‌കൂൾ കെട്ടിടങ്ങൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ശനി രാവിലെ 10.30ന് ഇവ നാടിന്‌ സമർപ്പിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. 
  ഉത്സവാന്തരീക്ഷത്തിൽ നാടൊന്നായി നാളേയ്‌ക്ക്‌ കരുത്താകുന്ന സർക്കാരിന്റെ സമ്മാനം ഏറ്റെടുക്കും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷനിലാണ്‌ കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് നാലു വിദ്യാലയങ്ങൾക്ക്‌ പുതിയ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായത്‌. നാലുചിറ ഗവ. ഹൈസ്കൂൾ, കുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പയ്യനല്ലൂർ ഗവ. എൽപി സ്കൂൾ, നെടുമ്പ്രക്കാട് ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിലാണ്‌ പുതിയ കെട്ടിടങ്ങൾ നാടിന്റെ വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ ഉൾക്കാമ്പുനൽകുക. 
  അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ തോട്ടപ്പള്ളി നാലുചിറ ഗവ. ഹൈസ്കൂളിൽ കിഫ്‌ബിയിൽ മൂന്ന്‌ കോടി ചെലവഴിച്ചാണ്‌  കെട്ടിടനിർമാണം പൂർത്തിയാക്കിയത്‌. രണ്ടു നിലകളിൽ എട്ട്‌ ക്ലാസ് മുറികളും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമുള്ള ശുചിമുറികളും  പാചകപ്പുരയടക്കം സൗകര്യങ്ങളുമുണ്ട്‌. മാവേലിക്കര  മണ്ഡലത്തിലെ കുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു നിലകളിൽ നാല് ക്ലാസ് മുറികളും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. കിഫ്‌ബിയിൽ ഒരു കോടി രൂപയാണ്‌ നിർമാണ ചെലവ്‌. 
   പയ്യനല്ലൂർ ഗവ. എൽപിഎസ് സ്കൂളിൽ പ്ലാൻ ഫണ്ടിൽനിന്ന്‌ ഒരുകോടി ചെലവിൽ ഇരുനില കെട്ടിടം ഉദ്ഘാടന സജ്ജമായി. പുതിയ കെട്ടിടത്തിൽ നാലു ക്ലാസ് മുറികളും ശുചിമുറികളും ഓഫീസ്‌ മുറിയുമുണ്ട്‌. ചേർത്തല  മണ്ഡലത്തിലെ നെടുമ്പ്രക്കാട് ഗവ. യുപി സ്കൂളിൽ പ്ലാൻ ഫണ്ടിൽനിന്ന്‌ ഒരുകോടി ചെലവഴിച്ച്‌ ഇരുനിലകളിലായി നാലു ക്ലാസ് മുറികളും ശുചിമുറികളും അടങ്ങുന്ന കെട്ടിടമാണ്‌ പണിപൂർത്തിയായത്‌. 
  മന്ത്രി പി പ്രസാദ്, എംഎൽഎമാരായ എച്ച് സലാം, എം എസ് അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരി, ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത, വിദ്യാകിരണം മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എ ജി ജയകൃഷ്ണൻ, കൈറ്റ് ജില്ലാ കോ–-ഓർഡിനേറ്റർ എം സുനിൽകുമാർ, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ  ചടങ്ങുകളുടെ ഭാഗമാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top