22 December Sunday

മഞ്ഞപ്പിത്തത്തെ സൂക്ഷിക്കുക

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

ആലപ്പുഴ 

ജില്ലയിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ  ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ആഹാരം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും ശുചിത്വം പാലിക്കണം. ജില്ലയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട്‌ ചെയ്തയിടങ്ങളിൽ ജില്ലാ ആരോഗ്യ വിഭാഗവും പ്രാദേശിക ആരോഗ്യ പ്രവർത്തകരും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്‌.
സെപ്‌തംബർ,- ഒക്‌ടോബർ മാസങ്ങളിലായി ചെങ്ങന്നൂർ ഐഎച്ച്ആർഡി  എൻജിനീയറിങ്ങ് കോളേജിലെ 16 വിദ്യാർഥികളിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പാണ്ടനാട്, കുറത്തികാട്, ചുനക്കര ബ്ലോക്കുകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനത്തോടെ ഈ പ്രദേശങ്ങളിൽ രോഗ നിരീക്ഷണ നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്‌.  
നൂറനാട് പഞ്ചായത്തിൽ 11 പേരിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ  കണ്ടെത്തിയിരുന്നു  ഈ രണ്ട് പ്രദേശങ്ങളിലും രോഗബാധിതരായ വ്യക്തികളിൽ നിന്നുമാണ് മറ്റുള്ളവരിലേക്ക് രോഗബാധയുണ്ടായത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൂപ്പർ ക്ലോറിനേഷനും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്‌. 
രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാൻ 15 മുതൽ 50 ദിവസം വരെ എടുക്കാം. അതിനാൽ രോഗ ബാധയുണ്ടായ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ  50 ദിവസത്തേക്ക്  തുടരും.
രോഗമുള്ളപ്പോൾ ആഹാര പദാർഥങ്ങൾ കൈകാര്യം ചെയ്യുന്നതും ആഹാരം പങ്കിടുന്നതിലൂടെയും രോഗം പകരാനിടയുണ്ട്‌. മഞ്ഞപ്പിത്ത ബാധിതർ ടോയ്‌ലറ്റ്, ബക്കറ്റ്, മഗ്, ആഹാരം കഴിക്കുന്ന പാത്രം പോലെയുള്ളവ പങ്കിട്ട് ഉപയോഗിക്കുന്നതിലൂടെയും രോഗം പകരും. 
രോഗചികിത്സയിലിരിക്കുന്നവർ ഡോക്ടറുടെ നിർദേശാനുസരണം മരുന്നുകൾ കൃത്യമായി കഴിക്കുക. രോഗബാധിതർ ആഹാരം പാചകം ചെയ്യുന്നതും, വിളമ്പുന്നതും ഒഴിവാക്കണം. പൊതുചടങ്ങുകളിൽ പങ്കെടുക്കരുത്‌.  തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. ആർഒ പ്ലാന്റിലേയോ ഫിൽറ്ററിലെയോ വെള്ളമാണെങ്കിൽ കൂടിയും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി പച്ചവെള്ളംചേർക്കരുത്. കുട്ടികളും മറ്റും പൈപ്പുകളിലെ വെള്ളം തിളപ്പിക്കാതെ കുടിക്കുന്നില്ല എന്ന് രക്ഷകർത്താക്കൾ നിർബന്ധമായും ഉറപ്പാക്കേണ്ടതാണ്. ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ഭക്ഷണം കഴിക്കുന്നതിന് മുൻപ് നിർബന്ധമായും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കുക. പനി, ശരീര വേദന, ഓക്കാനം, ഛർദി, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സ തേടുക. സ്വയം ചികിത്സ പൂർണമായും ഒഴിവാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top