22 November Friday

കായംകുളത്തെ 
ആർഎംഎസ് ഓഫീസ് അടച്ചുപൂട്ടുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

കായംകുളത്തെ ആർഎംഎസ് ഓഫീസ്

കായംകുളം
കായംകുളം റെയിൽവേ സ്‌റ്റേഷനോട് ചേർന്ന്‌ പ്രവർത്തിക്കുന്ന തപാൽവകുപ്പിന്റെ ആർഎംഎസ് (റെയിൽ മെയിൽ സർവീസ്) ഓഫീസ് അടച്ചുപൂട്ടുന്നു. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരം സംസ്ഥാനത്തെ 12 എൽ രണ്ട് വിഭാഗത്തിലുള്ള ആർഎംഎസ് ഓഫീസുകൾ സമീപത്തെ ഇൻട്രാ സർക്കിൾ ഹബ്ബുമായി ലയിപ്പിക്കാനാണ് തീരുമാനം. ഇതോടെ കായംകുളം ആർഎംഎസ് കൊല്ലത്തെ ഇൻട്രാ സർക്കിൾ ഹബ്ബിൽ ലയിക്കും. 
നിലവിൽ കായംകുളം ജങ്ഷനിൽ വിവിധയിടങ്ങളിലേക്ക്‌ വേഗത്തിൽ തപാൽ ഉരുപ്പടികൾ എത്തിക്കാൻ സൗകര്യമുള്ള, 24 മണിക്കൂറും ബുക്കിങ് സംവിധാനമുള്ള ഓഫീസാണ് പ്രവർത്തിക്കുന്നത്. നാൽപ്പത്തൊന്നോളം സബ് പോസ്‌റ്റ്‌ ഓഫീസിലേക്കും നൂറോളം ബ്രാഞ്ച് ഓഫീസിലേക്കും രജിസ്‌റ്റേർഡ്, ഓർഡിനറി തപാലുകൾ ഇവിടെനിന്ന്‌ അയക്കുന്നു. സ്‌പീഡ്, പാർസൽ തപാലുകൾ കൊല്ലം ആർഎംഎസ് ഓഫീസ് കേന്ദ്രീകരിച്ച്‌ ബാഗുകളാക്കി ഓഫീസിലെത്തിക്കുന്നു. ഉത്തരവ്‌ നടപ്പാക്കിയാൽ രജിസ്‌റ്റേർഡ് തപാലുകൾ കൊല്ലം ഓഫീസിലാകും. ഇതോടെ തപാൽ ഉരുപ്പടികളെത്തിക്കുന്നതിൽ കാലതാമസം നേരിടും. കായംകുളം ആർഎംഎസിൽനിന്ന്‌ ജില്ലയുടെ വടക്കൻ പ്രദേശത്തേക്കും പത്തനംതിട്ട, കൊല്ലം ജില്ലകളുടെ മലയോരപ്രദേശങ്ങളിലേക്കും തപാൽ ഉരുപ്പടികളെത്തിക്കുന്നു. ഓഫീസ് പൂട്ടിയാൽ വിവിധ പ്രദേശങ്ങളിലേക്ക് തപാൽ ഉരുപ്പടികൾ എത്തുന്നത് വൈകും. ഓഫീസിലെ മുപ്പതോളം ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരെ സ്ഥലംമാറ്റുകയും പന്ത്രണ്ടോളം താൽക്കാലിക ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെടുന്ന സാഹചര്യവുമുണ്ടാകും. ഓഫീസ്  നിർത്താനുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ   ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. ജീവനക്കാരുടെ സംഘടനയായ എൻഎഫ്പിഇയുടെ നേതൃത്വത്തിലാണ് സമരം ശക്തമാക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top