23 December Monday
വാരനാട്‌ ആർഎസ്‌എസുകാർ തമ്മിൽ സംഘർഷം

വയോധിക ഉൾപ്പെടെ 
6 പേർക്ക്‌ വെട്ടേറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

ആക്രമണം നടന്ന വീടിനുള്ളിൽ വസ്‌ത്രങ്ങൾ ചോരപുരണ്ട നിലയിൽ

സ്വന്തം ലേഖകൻ
ചേർത്തല
വാരനാട് നാലംഗസംഘം വീടുകയറി ആക്രമണം നടത്തി. ഗൃഹനാഥ ഉൾപ്പെടെ ആറ്‌ പേർക്ക്‌ വെട്ടേറ്റു. ആക്രമണത്തിനെത്തിയ സംഘത്തിലെ 17 വയസുകാരനുൾപ്പെടെയുള്ള രണ്ടുപേരും വെട്ടേറ്റവരിൽപ്പെടുന്നു. എല്ലാവരും ആർഎസ്‌എസ്‌–-ബിജെപി -പ്രവർത്തകരാണ്‌. രണ്ടുപേരുടെ നില ഗുരുതരം. 
തണ്ണീർമുക്കം പഞ്ചായത്ത് 23–-ാം വാർഡിൽ വാരനാട് ക്ഷേത്രത്തിന്‌ പടിഞ്ഞാറ്‌ പിഷാരത്ത് ആനന്ദവല്ലി (65), മക്കളായ സുധിരാജ് (42), ആനന്ദരാജ് (40), അജയ്‌രാജ് (36) എന്നിവർക്കും ചെങ്ങണ്ട പുതുവൽനികർത്ത് അഭിമന്യു (23), ഇയാൾക്കൊപ്പം എത്തിയ ചെങ്ങണ്ട സ്വദേശിയായ 17 വയസുകാരനുമാണ് വെട്ടേറ്റത്. വീട്ടുകാർ ചെറുത്തതോടെ അക്രമിസംഘത്തിലെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു.
തിങ്കൾ പകൽ 2.30നായിരുന്നു സംഭവം.  ഇരുകൂട്ടരും തമ്മിലുള്ള വൈരാഗ്യമാണ്‌ ആക്രമണത്തിൽ കലാശിച്ചത്‌. രാവിലെ ഇരുസംഘവും തമ്മിൽ സംഘർഷമുണ്ടായി. വീടാക്രമണസാധ്യത മുന്നിൽക്കണ്ട്‌ പ്രതിരോധത്തിന്‌ തയ്യാറെടുപ്പിലായിരുന്നു സുധിയും കുടുംബവും.
പരിക്കേറ്റ വീട്ടുകാരെ നാട്ടുകാർ താലൂക്ക് ആശുപത്രിയിലും പിന്നീട്‌ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും എത്തിച്ചു. വീടുകയറി ആക്രമണത്തിന്‌ എത്തിയവരെ ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക്‌ ഗുരുതരമാണ്‌. ഇരുചക്രവാഹനത്തിലാണ്‌ സായുധസംഘം എത്തിയത്‌. ഭക്ഷണം കഴിക്കുകയായിരുന്ന അജയരാജനെ ആദ്യം വെട്ടി. ഇയാളുടെ പരിക്കും മാരകമാണ്‌.
തടയാനെത്തിയ ആനന്ദവല്ലിയെയും മറ്റുള്ളവരെയും ആക്രമിച്ചു. ആക്രമികളിൽ രണ്ടുപേരെ സുധിരാജും ആനന്ദരാജും ചേർന്ന് വീട്ടിൽ പൂട്ടിയിട്ട്‌ ആക്രമിച്ചു. ചോരയിൽ കുളിച്ചുകിടന്ന ഇവരെ പൊലീസാണ്  ആശുപത്രിയിൽ എത്തിച്ചത്. ഓടിരക്ഷപ്പെട്ടവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
അഭിമന്യുവും സുധിരാജും  ക്രിമിനൽകേസുകളിൽ ഉൾപ്പെട്ടവരും കാപ്പ ചുമത്തപ്പെട്ടവരുമാണെന്ന്‌ പൊലീസ് പറഞ്ഞു. 
സുധിയുടെ കാർ അക്രമികൾ തകർത്തു. വീട്ടിൽനിന്ന്‌ ചോരപുരണ്ട വസ്‌ത്രങ്ങളും ആയുധങ്ങളും കണ്ടെത്തി. ലഹരിവിപണനവും ഉപയോഗവും പതിവാക്കിയവരാണ്‌ വീടാക്രമണത്തിന്‌ എത്തിയവരെന്ന്‌ നാട്ടുകാർ പറഞ്ഞു. ചേർത്തല എഎസ്‌പി ഹരീഷ് ജെയിൻ, ചേർത്തല സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ ജി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ്‌ പൊലീസ്  എത്തിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top