ചാരുംമൂട്
തുർക്കി ആസ്ഥാനമായ കപ്പൽ കമ്പനിയുടെ കപ്പലുകളിൽ ഡെക്ക് കേഡറ്റായി ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി വിദേശത്തേക്ക് കടന്നയാൾ പിടിയിൽ. കാസർഗോഡ് പെർള പോസ്റ്റൽ അതിർത്തിയിൽ ജീലാനി മൻസിലിൽ അഹമ്മദ് അസ്ബകിനെയാണ് (28) മംഗലാപുരം എയർപോർട്ടിൽനിന്ന് നൂറനാട് പൊലീസ് അറസ്റ്റുചെയ്തത്.
കൊല്ലം പാവുമ്പ സ്വദേശിയായ യുവാവിൽനിന്ന് പ്രതി ഏഴു ലക്ഷത്തോളം രൂപ തട്ടി. മുംബൈയിൽ മർച്ചന്റ് നേവി കോഴ്സ് പഠിച്ച യുവാവിന് ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് സ്ഥാപനത്തിൽനിന്ന് തുർക്കി കമ്പനിയുടെ ഓഫർ ലെറ്റർ 2023 ജൂലൈയിലാണ് നൽകിയത്. അഭിമുഖം നടത്തി സർട്ടിഫിക്കറ്റ് വാങ്ങി പരിശോധിച്ചു. ഇതിനിടയിൽ പണം അക്കൗണ്ട് വഴി വാങ്ങി. ശേഷം ഫോണിൽ വിളിച്ചാൽ പ്രതിയെ കിട്ടാതായി.
യുവാവ് നൂറനാട് പൊലീസിൽ പരാതി നൽകി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനു കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ചു. അന്വേഷണത്തിൽ പ്രതി ദുബായിലേക്ക് കടന്നെന്ന് വ്യക്തമായി. ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നവംബർ 24ന് മംഗലാപുരം എയർപോർട്ടിൽ ഇറങ്ങി ബംഗളൂരുവിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എസ് നിതീഷ്, കെ സുഭാഷ് ബാബു, എഎസ്ഐ സിനു വർഗീസ്, ജെ അജിതകുമാരി, സീനിയർ സിപിഒ എച്ച് സിജു, സിപിഒ ആർ എസ് വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മാവേലിക്കര ജെഎഫ്‌എം കോടതിയിൽ (രണ്ട്) ഹാജരാക്കി റിമാൻഡ് ചെയ്‌തു. കേരളത്തിൽ വിവിധയിടങ്ങളിൽ അഹമ്മദ് അസ്‌ബക് സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..