തകഴി
സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് സിപിഐ എം തകഴി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും സുലഭമായി കുടിവെള്ളം ലഭ്യമാക്കാൻ എൽഡിഎഫ് സർക്കാർ നിർമാണം ആരംഭിച്ച പദ്ധതിയാണിത്. പദ്ധതി വേഗത്തിൽ നിർമാണം പൂർത്തിയാക്കി കമീഷൻ ചെയ്യണം. തേവർകാട്–- വെള്ളാമത്ര റോഡ് നിർമാണം ആരംഭിക്കുക, ചെമ്പുംപുറം, ചമ്പക്കുളം എടത്വ സിഎച്ച്സികൾ മുഴുവൻ സമയം പ്രവർത്തിക്കുക, മുഴുവൻ സമയ ഡോക്‌ടറുടെ സേവനം ലഭ്യമാക്കുക, നെടുമുടി ചാലേച്ചിറ ചാവറ സി ബ്ലോക്ക് റോഡ് യാഥാർഥ്യമാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ബുധൻ രാവിലെ ജില്ലാ സെക്രട്ടറി ആർ നാസർ, ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ എന്നിവർ പൊതുചർച്ചയ്ക്ക് മറുപടി നൽകി. കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത സംസാരിച്ചു. എസ് അജയകുമാർ ക്രഡൻഷ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്, എച്ച് സലാം എംഎൽഎ, എം സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി കെ സദാശിവൻ, കെ കെ ഷാജു എന്നിവർ പങ്കെടുത്തു. പുതിയ ഏരിയ കമ്മിറ്റിയെയും 14 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. എസ് സുധിമോൻ നന്ദി പറഞ്ഞു.
സമ്മേളനത്തിന് സമാപനം കുറിച്ച് വ്യാഴം വൈകിട്ട് നാലിന് പ്രകടനം, ചുവപ്പ് സേന മാർച്ച്, പൊതുസമ്മേളനം എന്നിവ നടക്കും. സീതാറാം യെച്ചൂരി നഗറിൽ (മങ്കൊമ്പ് ജങ്‌ഷൻ) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. പി കെ പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..