മാവേലിക്കര
സിപിഐ എം മാവേലിക്കര ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ച് ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷനിലെ പൊതുസമ്മേളന നഗറിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) ചെങ്കൊടി ഉയർന്നു. ബുധൻ വൈകിട്ട് സ്വാഗതസംഘം ചെയർമാൻ സി സുധാകരക്കുറുപ്പ് പതാക ഉയർത്തി. പൊതുസമ്മേളന നഗറിലേക്കുള്ള പതാക തെക്കേക്കരയിലെ രക്തസാക്ഷി വി അജിത്തിന്റെ രക്തസാക്ഷി മണ്ഡപത്തിൽ ജാഥാ ക്യാപ്റ്റൻ ജില്ലാ കമ്മിറ്റിയംഗം കോശി അലക്‌സിന് ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ കൈമാറി. പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാക പാർടിയുടെ താലൂക്ക് കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റിയംഗവുമായിരുന്ന ചെട്ടികുളങ്ങരയിലെ എം കുട്ടപ്പന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് ജാഥാ ക്യാപ്റ്റൻ ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനന് ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ കൈമാറി. ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര ക്യാപ്റ്റനായ പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമരജാഥ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയുടെ മാവേലിക്കര താലൂക്ക് സെക്രട്ടറിയും കണ്ണമംഗലം സമരനായകനുമായിരുന്ന പി ആർ ജനാർദനന്റെയും കെ സതിയമ്മയുടെയും വസതിയിൽ നിന്നാരംഭിച്ചു. ഏരിയ സെക്രട്ടറി ജി അജയകുമാർ ജാഥാ ക്യാപ്റ്റന് കൊടിമരം കൈമാറി. ജില്ലാ കമ്മിറ്റിയംഗം ലീല അഭിലാഷ് ക്യാപ്റ്റനായ പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ദീപശിഖാ റാലി ഏരിയ കമ്മിറ്റി അംഗമായിരുന്ന പ്രഭാകരൻനായരുടെ വസതിയിൽ നിന്നാരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ സി സുധാകരക്കുറുപ്പ് ജാഥാ ക്യാപ്റ്റന് ദീപശിഖ കൈമാറി. വൈകിട്ടോടെ ജാഥകൾ പൊതുസമ്മേളന നഗറിൽ എത്തിച്ചേർന്നു. സ്വാഗതസംഘം കൺവീനർ ആർ ഹരിദാസൻനായർ പതാകകളും കൊടിമരവും ദീപശിഖയും ഏറ്റുവാങ്ങി.
വ്യാഴം രാവിലെ കെ ഒ അബ്ദുൾ ഷുക്കൂർ നഗറിൽ (ചെട്ടികുളങ്ങര കിഴക്ക് കോയിക്കത്തറ പ്രീതി കൺവൻഷൻ സെന്റർ) പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യും. ഏരിയ സെക്രട്ടറി ജി അജയകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ലോക്കൽ സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 120 പ്രതിനിധികളും 21 ഏരിയ കമ്മിറ്റി അംഗങ്ങളും അടക്കം 141 പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ ജി ഹരിശങ്കർ, എ മഹേന്ദ്രൻ, കെ എച്ച് ബാബുജാൻ, കെ രാഘവൻ, ജി രാജമ്മ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, ലീല അഭിലാഷ് എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്ച സമ്മേളനം തുടരും. ചർച്ചയ്‌ക്കുള്ള മറുപടിക്ക് ശേഷം പുതിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വെള്ളി വൈകിട്ട് നാലിന് ചെറുകര ആലുംമൂട് ജങ്ഷനിൽനിന്ന് പൊതുപ്രകടനവും ചുവപ്പുസേനാ മാർച്ചും ആരംഭിക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷൻ) വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജിചെറിയാൻ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..