അമ്പലപ്പുഴ
കളിയും ചിരിയുമായി കഴിഞ്ഞുകൂടിയ ഹോസ്റ്റൽ മുറികളിൽ രണ്ട് ദിവസമായി കണ്ണുനീരും വിതുമ്പലും മാത്രം. ആലപ്പുഴ വണ്ടാനം ഗവ. ടി ഡി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്‌റ്റൽ വിജനമാണ്. പലർക്കും ഭക്ഷണം പോലും വേണ്ട. അപകടത്തിൽപെട്ട തങ്ങളുടെ പ്രിയ കൂട്ടുകാർ യാത്ര പറഞ്ഞിറങ്ങിയത് ഈ ഹോസ്റ്റലിൽനിന്നാണ്. പിന്നീട് കൂട്ടുകാരിൽ അഞ്ചുപേരുടെ ചേതനയറ്റ ശരീരമാണ് സഹപാഠികൾക്ക് കാണാനായത്. ബുധനാഴ്ചയും ക്ലാസില്ലാതിരുന്നതിനാൽ പലരും പുറത്തുപോലും ഇറങ്ങാതെ മുറിക്കുള്ളിൽ തന്നെ കഴിച്ചുകൂട്ടി. ചിലർ സുഹൃത്തുക്കളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാനുമായി പോയി.
പലനാടുകളിൽ നിന്നെത്തി ദിവസങ്ങൾ കൊണ്ട് പരിചയത്തിലായി ആഴമേറിയ സുഹൃത്ബന്ധമായിരുന്നു ഇവരെല്ലാം തമ്മിൽ. പഠിത്തത്തിനും വിശ്രമത്തിനുമിടയിൽ ഹോസ്റ്റൽ വളപ്പിലും വരാന്തകളിലും കളിയും ചിരിയുമായി കഴിച്ചുകൂടിയവർ, അവരിൽ അഞ്ചുപേരിനിയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ് സഹപാഠികൾ. സംഭവദിവസം രാത്രി കൂട്ടുകാർ പലരും ഒത്തുകൂടിയപ്പോഴാണ് സിനിമ കാണാമെന്ന ആഗ്രഹത്തിൽ 11 പേർ പുറപ്പെട്ടത്. വാഹനത്തിൽ സ്ഥലമില്ലാതിരുന്നതിനാൽ സിനിമ കാണാൻ ആഗ്രഹമുണ്ടായിരുന്ന പലരെയും ഒപ്പം കൂട്ടാനുമായില്ല. യാത്ര തിരിച്ച് മിനിറ്റുകൾ കഴിഞ്ഞപ്പോഴേക്കും ദുരന്തവിവരമെത്തി. പൊതുദർശനത്തിന്‌വച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുമ്പോഴും ഉറ്റ സുഹൃത്തുക്കളുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ വിതുമ്പാനെ പ്രിയ സഹപാഠികൾക്ക് കഴിഞ്ഞുള്ളു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..