ആലപ്പുഴ
കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ആനന്ദ് മനു, കൃഷ്‌ണദേവ്, മുഹസിൻ മുഹമ്മദ്, ഗൗരിശങ്കർ എന്നിവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി മെഡിക്കൽ റിപ്പോർട്ട്. അതീവഗുരുതരാവസ്ഥയിലായിരുന്ന എടത്വാ സ്വദേശി ആൽവിൻ ജോർജിനെ (20) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലം പോരുവഴി മുതുപിലാക്കാട് കാർത്തികയിൽ ആനന്ദ് മനു (19), തലച്ചോറിൽ ശസ്‌ത്രക്രിയ നടത്തിയ ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ് (20) എന്നിവരെ വെന്റിലേറ്ററിൽനിന്ന് മാറ്റി. ആനന്ദ് മനുവിന് തലയിലെ രക്തസ്രാവത്തിന്റെ അളവിൽ വർധനയില്ലെന്ന് സി ടി സ്‌കാനിൽ കണ്ടെത്തി. ആരോഗ്യം കൂടുതൽ മെച്ചപ്പെടുന്ന മുറയ്ക്ക് തുടയെല്ലിലെ പൊട്ടലിന് ശസ്ത്രക്രിയ നടത്തും. കൃഷ്ണദേവ് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരികയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഇടത് തോളെല്ലിന്റെ പൊട്ടലിന് അസ്ഥിരോഗ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരമുള്ള ചികിത്സ തുടരും.
കൊല്ലം പന്മന വെളുത്തേടത്ത് മേക്കാതിൽ മുഹസിൻ മുഹമ്മദി (20)ന് ശ്വാസകോശത്തിനും നെഞ്ചിന്റെ ഭിത്തിക്കുമിടയിൽ രക്തവും വായുവും കെട്ടിനിൽക്കുന്നില്ലെന്ന് എക്‌സ്‌റേയിൽ സ്ഥിരീകരിച്ചു. എന്നാൽ ഓക്‌സിജൻ നൽകുന്നത് തുടരും. രക്‌തചംക്രമണവും പേശി പ്രവർത്തനവും തൃപ്തികരമാണ്. ഗൗരിശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണ്. തുടയെല്ലിന്റെ പൊട്ടലിന് വെള്ളിയാഴ്‌ച ശസ്‌ത്രക്രിയനടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..