05 December Thursday

ദേവനന്ദിന് കണ്ണീർ വിട

സ്വന്തം ലേഖകൻUpdated: Thursday Dec 5, 2024

ദേവനന്ദിന്റെ മൃതദേഹം മറ്റക്കര പൂവക്കുളത്തെ വീട്ടിൽ 
പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യചുംബനം നൽകുന്ന മുത്തശ്ശി തങ്കമ്മ. 
സമീപം അച്ഛൻ ബിനുരാജും അമ്മ രഞ്ജിയും

 

മറ്റക്കര (കോട്ടയം) -
ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർഥി ദേവനന്ദിന് കണ്ണീരോടെ നാട് വിട നൽകി. അച്ഛൻ ബിനുരാജിന്റെ മറ്റക്കരയിലെ പൂവക്കുളത്തുള്ള കുടുംബവീട്ടിലായിരുന്നു സംസ്കാര ചടങ്ങുകൾ.  പ്രിയപ്പെട്ട അച്ചുവിനെ പാതിവഴിയിൽ നഷ്‌ടപ്പെട്ട അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും കണ്ണീർ  നാടിന്റെയാകെ നോവായി മാറി. എല്ലാ അവധിക്കും ഓടിയെത്തിയിരുന്ന കൊച്ചുമകന്റെ തിരിച്ചുവരവില്ലാത്ത  യാത്ര മുത്തച്ഛനെയും മുത്തശ്ശിയേയും തളർത്തിയിരുന്നു. അവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ  ബന്ധുക്കളും നാട്ടുകാരും തേങ്ങി.   
വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നുള്ള കൂട്ടുകാരും അധ്യാപകരും അവസാനമായി ദേവനന്ദിനെ കാണാൻ മറ്റക്കരയിൽ എത്തിയിരുന്നു. ചിരിയും കളിയുമായി ക്ലാസ്‌ മുറികൾ നിറഞ്ഞ്‌ നിന്ന പ്രിയ ചങ്ങാതിയെ ഒരു നോക്ക്‌ കാണാൻ എത്തിയവർ തേങ്ങലടക്കാനാതെ വിങ്ങിപ്പൊട്ടി. സംസ്കാര ചടങ്ങുകൾ ആരംഭിച്ചത് മുതൽ  വീട്ടിൽ ഉള്ളുനീറുന്ന കാഴ്ചകളായിരുന്നു. പകൽ ഒന്നോടെയാണ്‌ ചടങ്ങുകൾ ആരംഭിച്ചത്. രണ്ടരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. 
ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളുമുൾപ്പടെ നൂറുകണക്കിന് പേർ സംസ്കാര ചടങ്ങിനെത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി ആർ രഘുനാഥൻ, അഡ്വ. റെജി സഖറിയ, ഏരിയ സെക്രട്ടറി പി എൻ ബിനു, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടക്കൽ, അകലക്കുന്നം പഞ്ചായത്ത്‌ പ്രസിഡന്റ് സിന്ധു അനിൽകുമാർ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top