05 December Thursday
കളർകോട്‌ വാഹനാപകടം

കാവാലം തേങ്ങി, 
ആയുഷിന്‌ വിട

സ്വന്തം ലേഖകൻUpdated: Thursday Dec 5, 2024

ആലപ്പുഴ കളർകോട് അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥി ആയുഷ് ഷാജിയുടെ സംസ്കാര ചടങ്ങിൽ 
മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന അമ്മ ഉഷ, അച്ഛൻ ഷാജി, സഹോദരി ജിഷ

 

മങ്കൊമ്പ്‌
ഒരാഴ്‌ച മുമ്പ്‌ കൊച്ചച്ചൻ സുരേഷിന്‌ നൽകിയ ഉറപ്പുപോലെ ക്രിസ്‌മസ്‌ അവധിയ്‌ക്കല്ല, അതിനു മുമ്പേ കാവാലം നെല്ലൂരിലെ വീട്ടിലേക്ക്‌ ആയുഷ്‌ എത്തി. അച്ഛനും അമ്മയ്‌ക്കും സഹോദരിക്കും ഉറ്റവർക്കുമൊപ്പം അവസാനമായി ഒരുരാത്രികൂടി ചെലവഴിച്ച്‌ ഒടുക്കം ഒന്നും മിണ്ടാതെ മടക്കം. ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച ആദ്യവർഷ മെഡിക്കൽ വിദ്യാർഥി ആയുഷ്‌ ഷാജിക്ക്‌ അന്ത്യയാത്രയേകാൻ കാവാലം ഗ്രാമമൊന്നാകെ എത്തി. 
നെല്ലൂരിലെ കുടുംബ വീട്ടിലേക്ക്‌ തോടിന്‌ കുറുകെ താൽക്കാലികമായി നിർമിച്ച പാലം കടന്നെത്തിയവരെല്ലാം ഉള്ളുലയ്‌ക്കുന്ന കാഴ്‌ചയിൽ നെഞ്ചുനീറി. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപമാണ്‌ ആയുഷിനും ചിതയൊരുക്കിയത്‌. ഏകമകന്റെ മൃതദേഹത്തിന്‌ മുന്നിൽ അലറിക്കരഞ്ഞ അച്ഛൻ ഷാജിയെയും അമ്മ ഉഷയെയും സഹോദരി ജിഷയെയും ആശ്വസിപ്പിക്കാൻ എത്തിയവരുടെ തൊണ്ടയിടറി. കണ്ടുനിന്നവരുടെയെല്ലാം കണ്ണുനിറഞ്ഞു. കുടുംബാംഗങ്ങളുടെ വിലാപങ്ങൾക്ക്‌ നടുവിലേക്ക്‌  വണ്ടാനം മെഡിക്കൽ കോളേജിൽനിന്ന്‌ സഹപാഠികളും അധ്യാപകരുമെത്തി. വാവിട്ടുകരഞ്ഞ അമ്മയെയും സഹോദരിയെയും ആശ്വസിപ്പിക്കാൻ കുടുംബാംഗങ്ങൾ പാടുപെട്ടു. 
രാവിലെ 9.30ന്‌ സംസ്‌കാരച്ചടങ്ങുകൾ ആരംഭിച്ചു. ഷാജിയുടെ സഹോദരന്മാരുടെ മക്കൾ അന്ത്യകർമങ്ങൾ ചെയ്‌തു. പ്രിയപ്പെട്ടവരുടെയും അടുത്തബന്ധുക്കളുടെയും അന്ത്യചുംബനം ആയുഷിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങി. കർമങ്ങൾക്ക്‌ ശേഷം പിതൃസഹോദരൻ സതീശിന്റ മകൻ അനന്തു  ചിതയ്‌ക്ക്‌ തീകൊളുത്തി. തോമസ്‌ കെ തോമസ്‌ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി സി പി ബ്രീവൻ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, കാവാലം പഞ്ചായത്ത് പ്രസിഡന്റ്‌ സത്യദാസ്, സിപിഐ എം കാവാലം ലോക്കൽ സെക്രട്ടറി കെ സി സാബു, ഏരിയ കമ്മറ്റി അംഗം പി വി രാമഭദ്രൻ തുടങ്ങിയവർ അന്ത്യാഞ്‌ജലി അർപ്പിച്ചു. 
ഷാജിയുടെ കുടുംബം 22 വര്‍ഷമായി ഇൻഡോറിലാണ് താമസം. പ്ലസ്ടു വരെ അവിടെയായിരുന്നു ആയുഷിന്റെ പഠനം. അച്ഛന്റെ ജന്മനാടായ കാവാലത്തു നിന്ന്‌ പഠിക്കാനുള്ള ആഗ്രഹത്തിലാണ്‌ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്‌. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന പിതൃസഹോദരന്മാരുടെ മക്കൾക്കൊപ്പമുള്ള ആഹ്‌ളാദ നിമിഷങ്ങളും സ്വപ്‌നമായിരുന്നു. പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയതിനാൽ സംസ്ഥാനത്തെ മൂന്ന്‌ ഗവ. മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന്‌ അവസരം ലഭിച്ചിരുന്നു. ഹോസ്റ്റലിലാണ്‌ താമസിച്ചിരുന്നതെങ്കിലും അവധിദിവസങ്ങളില്‍ കാവാലത്തെ വീട്ടിലെത്തുമായിരുന്നു. ഒരാഴ്ച മുമ്പാണ്‌ അവസാനമായി എത്തിയത്‌. ഇനി ക്രിസ്‌മസ്‌അവധിക്ക്‌ വരാമെന്നു പറഞ്ഞാണ്‌ പോയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top