ചേർത്തല
വെട്ടയ്‌ക്കലിലെ വീടാക്രമണക്കേസിൽ ഒറ്റമശേരി ഇരട്ടക്കൊലപാതകത്തിലെ പ്രതികളുൾപ്പെടെ അഞ്ചുപേരെ പട്ടണക്കാട് പൊലീസ് പിടികൂടി. പുറത്താംകുഴി വടക്കേപ്പറമ്പ് അബിന്റെ വീട്ടിലാണ് മൂന്നിന് ആക്രമണം ഉണ്ടായത്. അബിൻ(35), ഭാര്യ സൗമ്യ(31) എന്നിവർക്ക് പരിക്കേറ്റു.
പട്ടണക്കാട് പഞ്ചായത്ത് 17–-ാം വാർഡ് തയ്യിൽ പോൾസൺ(38), സഹോദരൻ താലിഷ്(42), 18–-ാം വാർഡിൽ ഇടവഴിക്കൽ ബിജു(44), എട്ടാംവാർഡ് കൊല്ലംവെളി കോളനിയിൽ സജയ്(28), 10–-ാം വാർഡിൽ കൊല്ലേച്ചിവെളി വിഷ്‌ണു(28) എന്നിവരാണ് പിടിയിലായത്. പട്ടണക്കാട് എസ്‌ഐ എസ് സുരേഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐ വി എം രാജേന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ എം അരുൺകുമാർ, ഷൈൻ, വിനിൽ, അനീഷ്, സുഹാസ്, വിശാന്തിമോൻ, ഹോംഗാർഡ് ബാബുരാജ് എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.
2015-ൽ ഒറ്റമശേരി തീരദേശറോഡിൽ ലോറിയിടിപ്പിച്ച് രണ്ട് യുവാക്കളെ കൊന്ന പ്രമാദമായ കേസ് പ്രതികളാണ് പോൾസണും സഹോദരൻ താലിഷും. അർത്തുങ്കൽ സ്‌റ്റേഷനിൽ 2010ലെ കൊലക്കേസിലും പ്രതിയാണ് പോൾസൺ. ചേർത്തല, പട്ടണക്കാട്, അർത്തുങ്കൽ സ്‌റ്റേഷനുകളിലെ 10 കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നാലും അഞ്ചും പ്രതികളായ സജയ്, വിഷ്‌ണു എന്നിവർ പട്ടണക്കാട് സ്‌റ്റേഷനിലെ നാല് കേസുകളിൽ പ്രതികളാണ്. പ്രതികളെ കോടതി റിമാൻഡ്‌ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..