മാന്നാർ
ജീവിതയാത്രയിൽ മനസിൽ പതിഞ്ഞ കഥകളിവേഷം കെട്ടി ആസ്വാദകർക്കു മുന്നിൽ 48–-ാം വയസിൽ ആട്ടത്തിനൊരുങ്ങുകയാണ് ലക്ഷ്മി ജയൻ. കുളനട ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്‌ച ലക്ഷ്മി അരങ്ങേറും.
ഇരമത്തൂർ വലിയ പടിഞ്ഞാറേതിൽ ലക്ഷ്മി ജയൻ ചെറുപ്പം മുതലേ നൃത്ത കലകളോട് അടങ്ങാത്ത ആഗ്രഹം കൊണ്ടുനടന്നെങ്കിലും ഭരതനാട്യം പഠിക്കാൻ രണ്ടു വർഷം മുമ്പാണ് ഇരമത്തൂർ പേങ്ങാട്ടുമഠം കലാഗൃഹത്തിലെത്തുന്നത്. നൃത്താധ്യാപിക ആർഎൽവി രശ്മി സന്തോഷിന്റെ ശിക്ഷണത്തിൽ ഭരതനാട്യം അഭ്യസിച്ചു വരികെ ഒരു വർഷം മുമ്പാണ് കഥകളിയിലേക്ക് തിരിയുന്നത്. പേങ്ങാട്ടുമഠത്തിൽ കഥകളി അഭ്യസിപ്പിക്കുന്ന കലാമണ്ഡലം അരുൺകുമാറിന്റെ ശിക്ഷണത്തിലായിരുന്നു കഥകളി പഠനം. മാവേലിക്കര വേദവ്യാസന്റെ കീഴിൽ വയലിനിലും ലക്ഷ്മി ഒരു കൈ നോക്കാൻ തീരുമാനിച്ചു.
നൂറനാട് പടനിലം കച്ചേരി വടക്കേതിൽ പരേതനായ കെഎസ്ഇബി എൻജിനീയർ വിശ്വംഭരൻപിള്ളയുടെയും സതിയമ്മയുടെയും മകളായ ലക്ഷ്മി സ്‌കൂൾ കലോത്സവത്തിൽ തിരുവാതിരയിലും ഒപ്പനയിലുമെല്ലാം പങ്കെടുത്തെങ്കിലും കലാപഠനം തുടരാനായില്ല. ഇരമത്തൂരിൽ ഭർതൃഗൃഹത്തിൽ പൂർണിമ ഹെർബൽ ബ്യൂട്ടി ക്ലിനിക്കെന്ന സ്ഥാപനം നടത്തിവന്നിരുന്നു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഏകമകൾ അപർണയാണ് അമ്മയുടെ നൃത്തകലാ പഠനത്തിന് വഴി തുറന്നത്. മാവേലിക്കര പോസ്റ്റൽ മാസ്റ്ററായ ഭർത്താവ് ജയചന്ദ്രന്റെ പിന്തുണ കൂടിയായപ്പോൾ ഊർജം ഇരട്ടിയായി.
ആഗ്രഹ സാഫല്യത്തിന്റെ ആനന്ദത്തിൽ ചായമണിയാനുള്ള ഒരുക്കത്തിലാണ് ലക്ഷ്‌മി. അടുത്ത വർഷം മെയ് മാസത്തിൽ കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്ര സന്നിധിയിൽ ഭരതനാട്യം അരങ്ങേറാൻ പരിശ്രമത്തിലാണിവർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..