മാന്നാർ
കസ്റ്റഡിയിലെടുത്ത വാഹനം തിരികെ ലഭിക്കാൻ മാന്നാർ പൊലീസ് സ്റ്റേഷനിലെത്തിയ ഭിന്നശേഷിക്കാരന് പൊലീസ് മർദനം. ഭിന്നശേഷി സംഘടനയായ ഡിഎഡബ്ല്യുഎഫ് ജില്ലാ സെക്രട്ടറിയും സിപിഐ എം എണ്ണയ്ക്കാട് ലോക്കൽ കമ്മിറ്റി അംഗവുവായ ഉളുന്തി പൂങ്കോയിക്കൽ എസ് ഹരികുമാറിനെ (56) ആണ് മാന്നാർ എസ്എച്ച്ഒ എ അനീഷും എസ്ഐ സി എസ് അഭിരാമും ചേർന്ന് മർദിച്ചത്. കൈയ്ക്കും തലയ്ക്കും പുറത്തും പരിക്കേറ്റ ഹരികുമാർ മാവേലിക്കര ജില്ലാശുപത്രിയിൽ ചികിത്സയിലാണ്.
ഹരികുമാറിന്റെ വീടിന് സമീപത്തുള്ള യുവാവിന്റെ ബൈക്ക് പരുമല പെരുന്നാൾ ദിനമായ രണ്ടിന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിരികെ ലഭിക്കാൻ ചൊവ്വ രാവിലെ ഹരികുമാറും പഞ്ചായത്ത് അംഗം സുജാതയും പൊലീസ് സ്റ്റേഷനിലെത്തി. എസ്ഐയുടെ മുറിയിലെത്തിയ തങ്ങളെ എസ്ഐ അസഭ്യം പറയുകയും മുറിയിൽ നിന്നും ഇറക്കി വിടുകയും ചെയ്തുവെന്ന് ഹരികുമാറും സുജാതയും പറയുന്നു.
തുടർന്നെത്തിയ എസ്എച്ച്ഒ അസഭ്യം പറഞ്ഞ് ഹരികുമാറിന്റെ പുറത്തടിച്ചു. മുറിക്കകത്തുനിന്നും എസ്എച്ച്ഒയും എസ്ഐയും ചേർന്ന് വെളിയിലേക്ക് തള്ളിയിട്ടു. ഹൃദ്രോഗിയാണ് ഹരികുമാർ. ഹൃദയ വാൽവ് തകരാറിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നടത്തുന്നയാളാണ്. ഹരികുമാറിനെ മർദിച്ച എസ്എച്ച്ഒ എ അനീഷിനെതിരെ ഡിഎഡബ്ല്യുഎഫ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
ചികിത്സയിൽ കഴിയുന്ന ഹരികുമാറിനെ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പുഷ്പലത മധു, ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ് കലവറ, എൻ സുധാമണി, ലോക്കൽ സെക്രട്ടറി എൻ രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ എസ് സുരേഷ്, ശോഭ മഹേശൻ, സുജാത എന്നിവർ സന്ദർശിച്ചു.
മർദനത്തിൽ പ്രതിഷേധിച്ച് സിപിഐ എം മാന്നാർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നൂറുണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ച് സ്റ്റോർ ജങ്ഷനിൽ നിന്നാരംഭിച്ചു. പ്രതിഷേധക്കാരെ പൊലീസ് സംഘം പോസ്റ്റാഫീസ് പടിക്കൽ തടഞ്ഞു. പ്രതിഷേധയോഗം പുഷ്പലത മധു ഉദ്ഘാടനംചെയ്തു. കെ നാരായണപിള്ള അധ്യക്ഷനായി. പി എൻ ശെൽവരാജൻ, ആര്യ എന്നിവർ സംസാരിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സിഐടിയു, കെഎസ്‌കെടിയു, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ, ഡിഎഡബ്യുഎഫ് സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി എന്നിവയും ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് ഇലഞ്ഞിമേലും പ്രതിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..