06 November Wednesday
വയോധികയെ കാറിൽ കയറ്റി ആഭരണക്കവർച്ച

മോഷണം വാഹന വായ്‌പാ കുടിശ്ശിക അടയ്‌ക്കാനെന്ന്‌ പ്രതി

സ്വന്തം ലേഖകൻUpdated: Wednesday Nov 6, 2024

സഞ്‌ജിത്‌ എസ്‌ നായർ

 

ചാരുംമൂട്‌
വയോധികയെ കാറിൽ കയറ്റി ആഭരണക്കവർച്ച നടത്തിയത്‌ കാറിന്റെയും ആഡംബര ബൈക്കിന്റെയും വായ്‌പാ കുടിശ്ശിക അടയ്‌ക്കാനെന്ന്‌ പ്രതി. അടൂർ മൂന്നളം ഭാഗത്ത്‌ സഞ്‌ജിത്‌ എസ്‌ നായരാണ്‌ (44) കവർച്ചയെ തുടർന്ന്‌ പൊലീസ്‌ പിടിയിലായത്‌. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ്‌ കടബാധ്യത പെരുകിയതിനെ തുടർന്ന്‌ മോഷണത്തിലേക്ക്‌ കടന്നതിന്റെ ചുരുളഴിഞ്ഞത്‌.
ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ സഞ്‌ജിത്‌ എസ്‌ നായർ കുറച്ചുവർഷം മുമ്പ് വരെ വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. തിരികെ നാട്ടിലെത്തിയ ശേഷം വരുമാനമാർഗം  ഉണ്ടായിരുന്നില്ല. കാറിന്റെയും ആഡംബര ബൈക്കിന്റെയും വായ്‌പാ തവണകൾ കുടിശ്ശികയായി. തുടർന്നാണ്‌ പ്രതി മോഷണം നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ‘ഓസ്‌ലർ’ സിനിമ കണ്ടാണ് പെപ്പർ സ്പ്രേ ആയുധമാക്കി കവർച്ചയ്‌ക്ക്‌ പദ്ധതിയിട്ടതെന്ന്‌ പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. 
 ഞായറാഴ്‌ചയാണ്‌ ഇയാൾ വയോധികയെ  കാറിൽ കയറ്റി ആഭരണം കവർന്നത്‌. പകൽ 11. 30 ഓടെ ഇടപ്പോൺ എ വി മുക്കിൽ  ബസ് കാത്തുനിന്ന ആറ്റുവ സ്വദേശിയായ 75 കാരിയുടെ അടുത്ത്‌ വഴി ചോദിക്കാനെന്ന വ്യാജേന പ്രതി കാർ നിർത്തി. വഴി ചോദിച്ച ശേഷം, എവിടേയ്‌ക്കാണ്‌ യാത്രയെന്ന്‌ വയോധികയോട്‌ അന്വേഷിച്ചു. പന്തളം ഭാഗത്തേക്കാണെന്ന്‌ പറഞ്ഞപ്പോൾ താനും അതുവഴിയാണെന്നും കൊണ്ടുപോകാമെന്നും പ്രതി പറഞ്ഞു. വരുന്നില്ലെന്ന്‌ വയോധിക പറഞ്ഞെങ്കിലും സഞ്‌ജിത്‌ ഇവരെ നിർബന്ധിച്ച്‌ കാറിന്റെ പിൻസീറ്റിൽ കയറ്റി. ചേരിക്കൽ ഭാഗത്ത്‌ എത്തിയപ്പോൾ  മുഖത്ത് പെപ്പർ സ്പ്രേ അടിച്ച്‌ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തി വയോധികയുടെ  കഴുത്തിൽ കിടന്ന മൂന്നുപവന്റെ സ്വർണമാലയും ഒരു പവൻ തൂക്കം വരുന്ന വളയും  ബലമായി ഊരി എടുത്തു. ഇതിനുശേഷം   വയോധികയെ റോഡിൽ തള്ളിയിറക്കി. ഇറങ്ങുന്നതിനിടെ ഇവരുടെ കൈയിലിരുന്ന പഴ്സും പ്രതി കൈക്കലാക്കി. റോഡിൽ കരഞ്ഞു കൊണ്ടുനിന്ന വയോധികയെ സമീപവാസിയായ വീട്ടമ്മയും തൊഴിലുറപ്പു തൊഴിലാളികളും അടുത്ത വീട്ടിൽ കൊണ്ടുപോയി ശുശ്രൂഷിച്ചതിനു ശേഷം  ബസ് കയറ്റിവിട്ടു. വീട്ടിൽ എത്തിയ ശേഷമാണ് പൊലീസിൽ വിവരമറിയിച്ചത്. 
പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ്‌ പിടികൂടി. ചെങ്ങന്നൂർ  ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്റെ മേൽനോട്ടത്തിൽ നൂറനാട് എസ്‌എച്ച്‌ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്‌   കസ്റ്റഡിയിൽ എടുത്തത്‌. ചോദ്യം ചെയ്‌തപ്പോൾ പ്രതി ആദ്യം സംഭവം നിഷേധിച്ചു.  സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള  ശാസ്ത്രീയമായ  ചോദ്യം ചെയ്യലിനൊടുവിലാണ്‌ കുറ്റം സമ്മതിച്ചത്‌. ഇയാൾ  വീട്ടിൽ ഒളിപ്പിച്ചുവച്ചിരുന്ന സ്വർണാഭരണങ്ങളും പെപ്പർസ്പ്രേയും   സഞ്ചരിച്ചിരുന്ന  കാറും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  എസ് ഐ മാരായ സുഭാഷ് ബാബു, ടി ആർ ഗോപാലകൃഷ്ണൻ, ബി രാജേന്ദ്രൻ, എഎസ്ഐ ജെ അജിതകുമാരി, എസ്‌സിപിഒ മാരായ എം കെ ഷാനവാസ്, പി മനുകുമാർ, എച്ച്‌ സിജു, എസ്‌ ശരച്ചന്ദ്രൻ, വിഷ്ണു വിജയൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top