21 November Thursday
കൊടകര കുഴൽപ്പണം

ആലപ്പുഴയിലെ ബിജെപി നേതാക്കളുടെ പങ്ക്‌ അന്വേഷിക്കണം: സജി ചെറിയാൻ

സ്വന്തം ലേഖകൻUpdated: Wednesday Nov 6, 2024

 

ആലപ്പുഴ
കൊടകര കുഴൽപ്പണ കേസിൽ ആലപ്പുഴയിലെ ബിജെപി നേതാക്കളുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ആവശ്യപ്പെട്ടു. കുഴൽപ്പണ ഇടപാടിൽ യുഡിഎഫിന്‌ ഇരട്ടമുഖമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ആലപ്പുഴ ഏരിയ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
ആലപ്പുഴയിലെ ബിജെപി നേതാവിന്‌ കൊടുക്കാൻ എത്തിച്ച മൂന്നുകോടി രൂപയാണ്‌ കവർന്നത്‌. തെരഞ്ഞെടുപ്പ്‌ പ്രക്രിയ അട്ടിമറിക്കാൻ ലക്ഷ്യമിട്ടായിരുന്നു കുഴൽപ്പണ ഇടപാട്‌. ഇത്‌ രാജ്യത്തിന്‌ എതിരായ കുറ്റകൃത്യമാണ്‌. സമഗ്രമായ അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസികൾ തയ്യാറാകണം. ആലപ്പുഴയിലെ ബിജെപി നേതാവിനെ അടക്കം പ്രതി ചേർത്ത്‌ കേസ്‌ അന്വേഷിക്കണം. 
ഈ വിഷയത്തിൽ യുഡിഎഫിന്‌ നിലപാടില്ല. കേസ്‌ അന്വേഷിക്കാൻ തയ്യാറാകാത്ത കേന്ദ്ര ഏജൻസിക്കെതിരെ കോൺഗ്രസ്‌ മിണ്ടുന്നില്ല. സംസ്ഥാന സർക്കാരിനെ ക്രൂശിക്കാനാണ്‌ ശ്രമം. കുഴൽപ്പണ ഇടപാടിന്റെ പ്രഭവകേന്ദ്രം തൃശൂരാണ്‌. സംസ്ഥാനത്ത്‌ 19 മണ്ഡലങ്ങളിലും യുഡിഎഫിന്‌ വോട്ട്‌ വർധിച്ചപ്പോൾ തൃശൂരിൽ മാത്രം എങ്ങനെ വോട്ട്‌ കുറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ്‌ വ്യക്തമാക്കണം.  
ബിജെപിയെ പരാജയപ്പെടുത്താനോ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനോ അല്ല യുഡിഎഫ്‌ ശ്രമിക്കുന്നത്‌. അവരുമായി സന്ധി ചെയ്യുകയാണ്‌. നേമത്ത്‌ ബിജെപിക്ക്‌ അക്കൗണ്ട്‌ തുറക്കാൻ സഹായിച്ചതും യുഡിഎഫാണ്‌.  ആർഎസ്‌എസുമായി നേരിട്ട്‌ എതിരിട്ടാണ്‌ സിപിഐ എം മതനിരപേക്ഷ നിലപാട്‌ ഉയർത്തിപ്പിടിക്കുന്നത്‌. 232ഓളം സിപിഐ എം പ്രവർത്തകരാണ്‌ രക്തസാക്ഷികളായത്‌. ആർഎസ്‌എസുമായും ന്യൂനപക്ഷ തീവ്രവർഗീയ കക്ഷികളായ എസ്‌ഡിപിഐ, ജമാ അത്തെ ഇസ്ലാമി എന്നിവയുമായും സഖ്യമുണ്ടാക്കാൻ യുഡിഎഫിന്‌ മടിയില്ല. ഉത്തരേന്ത്യൻ മാതൃകയിൽ ജാതീയവും മതപരവുമായ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമം നടക്കുകയാണെന്നും സജി ചെറിയാൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top