തകഴി
എല്ലാ പ്രതീക്ഷകളും വിഫലം. മുന്നേ മറഞ്ഞ താരകങ്ങൾക്ക് പിന്നാലെ സ്വപ്നങ്ങളെല്ലാം ഉപേക്ഷിച്ച് ആൽവിനും യാത്രയായി. ചെന്നെത്തിയതുമുതൽ ഏറെ ഇഷ്‌ടപ്പെട്ടതെന്ന് അമ്മ ലീനയോട് പറഞ്ഞിരുന്ന ക്യാമ്പസിൽ നേരം ചെലവഴിച്ചും കോളേജ് ഗ്രൗണ്ടിൽ കളിച്ചും കൂട്ടുകാരോടൊപ്പം സൗഹൃദം പങ്കുവച്ചും കൊതിതീരാതെയാണ് എടത്വാ പള്ളിച്ചിറ വീട്ടിൽ ആൽവിൻ ജോർജ് (20) വിടവാങ്ങുന്നത്. പുതിയ കോളേജിൽ പഠനം ആരംഭിച്ച് രണ്ട്‌മാസം തികയ്‌ക്കും മുന്നേയാണ് മടക്കം. കുട്ടിക്കാലത്ത് സ്‌പോർട്സിലും പഠനത്തിനും മികവുകാട്ടിയിരുന്നു ആൽവിൻ. എടത്വാ സെന്റ് അലോഷ്യസ് സ്കൂളിലെ പഠനകാലത്ത് സ്‌പോർട്സിലും മികവുതെളിയിച്ചിരുന്നു. വിവിധ മത്സരങ്ങളിൽ നിരവധി മെഡലുകളും പുരസ്‌കാരങ്ങളും തേടിയെത്തി.
എംബിബിഎസിന് അഡ്‌മിഷനെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിയ ദിവസംമുതൽ ഫുട്‌ബോൾ ഗ്രൗണ്ട് ഒത്തിരി ഇഷ്‌ടമായെന്നും പഠനം തീരുന്നതുവരെ ഗ്രൗണ്ടിലിറങ്ങണമെന്നും അമ്മയോടും അനിയൻ കെവിനോടും പറയുമായിരുന്നു. അമ്മയുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന ആൽവിൻ അവസാനം സംസാരിച്ചതും അമ്മയോടാണ്. തിങ്കൾ രാത്രി സുഹൃത്തുക്കൾക്കൊപ്പം സിനിമയ്‌ക്കായി ഹോസ്റ്റലിൽനിന്ന് ഇറങ്ങുംമുമ്പും വിളിച്ചിരുന്നു. ആദ്യം സിനിമയ്‌ക്ക് പോകാൻ മടിച്ചിരുന്നെങ്കിലും സുഹൃത്തുക്കൾ നിർബന്ധിച്ചതോടെ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അമ്മയെ വിളിച്ച് അനുവാദം വാങ്ങുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..