ആലപ്പുഴ
കളർകോട് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളുടെ തുടർചികിത്സയ്ക്കായി വ്യാഴാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. കൊല്ലം പന്മന വെളുത്തേടത്ത് മേക്കാതിൽ മുഹ്‌സിൻ മുഹമ്മദിന് (20) നിലവിലെ ചികിത്സകളും ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള മരുന്നുകളും തുടരാൻ തീരുമാനിച്ചു. എറണാകുളം തൃപ്പൂണിത്തുറ പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനിൽ ഗൗരീശങ്കറിന്റെ (18) തുടയെല്ലിന്റെ ശസ്‌ത്രക്രിയ വെള്ളിയാഴ്ച നടത്തും. ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവിന്റെ (20) തൽസ്ഥിതി തുടരുകയാണ്. കൊല്ലം പോരുവഴി മുതുപിലാക്കാട് കാർത്തികയിൽ ആനന്ദ് മനുവിന് (19) രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനാൽ സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള മരുന്നുകൾ ആരംഭിച്ചു.
ആനന്ദിന്റെ തുടയെല്ലിന്റെ ശസ്‌ത്രക്രിയ ബുധനാഴ്ച നടത്തും. ചികിത്സയിലുള്ള വിദ്യാർഥികളുടെ മാനസിക നില പരിശോധിച്ച് കൃത്യമായ ചികിത്സ ലഭ്യമാക്കും. വിദ്യാർഥികൾക്ക് ചികിത്സ സൗജന്യമായി നൽകുമെന്നും തുടയെല്ലിന് ശസ്‌ത്രക്രിയ വേണ്ടിവരുന്ന വിദ്യാർഥികളുടെ ഇംപ്ലാന്റിന് ഒരാൾക്ക് 20,000 രൂപ ചെലവാകുമെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. കോളേജിലുള്ള കുട്ടികൾക്കുള്ള കൗൺസിലിങ് നൽകുവാനും യോഗത്തിൽ തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..