17 September Tuesday

രുചിവിപണി കീഴടക്കാൻ 
ഫ്രഷ്‌ ബൈറ്റ്‌സ്‌

അഞ്ജലി ഗംഗUpdated: Saturday Sep 7, 2024

കുടുംബശ്രീയുടെ "ഫ്രഷ് ബൈറ്റ്സ്" കായ ഉപ്പേരി പാക്ക് ചെയ്യുന്ന തണ്ണീർമുക്കം കരിക്കാട് തനിമ കാറ്ററിങ് യൂണിറ്റിലെ അംഗങ്ങൾ

ആലപ്പുഴ 
ഏത്തയ്ക്കയുടെ തൊലികളഞ്ഞ്‌, മഞ്ഞൾവെള്ളത്തിലിട്ടശേഷം നേർത്തതായി അരിഞ്ഞ്‌ വെളിച്ചെണ്ണയിൽ വറുത്തെടുക്കുമ്പോൾ കായ ഉപ്പേരിക്കൊരു മണമുണ്ട്‌. തണ്ണീർമുക്കം കരിക്കാട്ടെ കുടുംബശ്രീയുടെ ഫുഡ്‌ പ്രോസസിങ്‌ യൂണിറ്റിൽ ചെല്ലുമ്പോൾ ആ മണം നമ്മെ മയക്കും.  ശനിയാഴ്ചയോടെ കുടുംബശ്രീ ബ്രാൻഡ്‌ ചെയ്‌തിറക്കുന്ന ‘ഫ്രഷ്‌ ബൈറ്റ്‌സി’നായി തണ്ണീർമുക്കം പഞ്ചായത്തിന്‌ കൈമാറേണ്ട 5550 കായ ഉപ്പേരിയുടെ പാക്കറ്റുകൾ തയ്യാറാക്കുന്ന തിരക്കിലാണ്‌ എട്ടംഗ വനിതാസംഘം.

വീട്ടകങ്ങളിലേക്ക്‌ 
510 കിലോ ഉപ്പേരി

510 കിലോ ഉപ്പേരിയാണ്‌ ഇക്കുറി ജില്ലയിൽ വീടുകളിലേക്ക്‌ എത്തിക്കുന്നത്‌. ഇതിനായി 833- കിലോ ഏത്തയ്ക്ക വാങ്ങി. വാരണം സർവീസ്‌ സഹകരണബാങ്കിന്റെ മില്ലിൽനിന്ന്‌ ഉൽപ്പാദിപ്പിക്കുന്ന മായം കലരാത്ത ഇതൾ വെളിച്ചെണ്ണയിലാണ്‌ ഉപ്പേരി വറുക്കുന്നത്‌. പഞ്ചായത്ത്‌ വഴിയാണ്‌ വിപണനം. 
‘ഗ്രാമപ്രദേശങ്ങളിലെ സ്‌ത്രീകളുടെ ജീവിതനിലവാരം സംരംഭത്തിലൂടെ കൈപിടിച്ചുയർത്താമെന്നതിന്റെ മാതൃകയാണ്‌ ഞങ്ങളുടെ ജീവിതം. സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി ഫ്രഷ്‌ ബൈറ്റ്‌സ്‌ ആരംഭിക്കുമ്പോൾ മുതൽക്കൂട്ടാകുന്നത്‌ ഒരുപാട്‌ സ്‌ത്രീകൾക്കാണ്‌’–- -തനിമ യൂണിറ്റ്‌ പ്രസിഡന്റ്‌ സിന്ധുവിനു പറഞ്ഞു. 100 ഗ്രാം ഉപ്പേരിക്ക്‌ 40 രൂപയും 250 ഗ്രാമിന്‌ 100 രൂപയുമാണ്‌ വില.  
ഫ്രഷ്‌ ബൈറ്റ്‌സിനായി ജില്ലയിൽ 26 കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന്‌ കൺസോർഷ്യം രൂപീകരിച്ചിരുന്നു. തണ്ണീർമുക്കം പഞ്ചായത്തിന്റെ ഓണക്കിറ്റിലും ഫ്രഷ്‌ ബൈറ്റ്‌സ്‌ ഇടംപിടിക്കും. ഇക്കുറി നിർമിച്ച ശർക്കരവരട്ടി സമീപത്തെ സ്‌റ്റോറുകൾവഴി വിൽക്കും.   
  സിഡിഎസ്‌ ചെയർപേഴ്‌സൺ സുധർമ സന്തോഷാണ്‌ യൂണിറ്റ്‌ സെക്രട്ടറി. ഷീല ജലധരൻ, ഷീബ രാജേന്ദ്രൻ, രാധാമണി ജനാർദനപണിക്കർ, ശോഭന പൊന്നപ്പൻ, മിനി ഷാജി, തങ്കച്ചി ഷൺമുഖൻ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങൾ. രണ്ട്‌ അംഗങ്ങൾ മുൻ ജനപ്രതിനിധികളാണെന്ന പ്രത്യേകതയും യൂണിറ്റിനുണ്ട്‌. സിന്ധു വിനു ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. സുധർമ സന്തോഷ് തണ്ണീർമുക്കം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയും.  
യൂണിറ്റ്‌ തുടങ്ങിയത്‌ 2013ൽ
2013ലാണ്‌ യൂണിറ്റ്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. സുധർമയുടെ വീടിന്റെ പിറകിലും വാടകക്കെട്ടിടങ്ങളിലുമായിരുന്നു യൂണിറ്റ്‌. പിന്നീട്‌ അംഗങ്ങൾ ചേർന്ന്‌ ഒമ്പത്‌ സെന്റ്‌ സ്ഥലം ഒമ്പതുലക്ഷം രൂപയ്ക്ക്‌ വാങ്ങി. എൻആർഇജിഎസിലൂടെ കെട്ടിടവും നിർമിച്ചു.
    ജില്ലാ പഞ്ചായത്തിൽനിന്ന്‌ അഞ്ചുലക്ഷം രൂപയും കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിൽനിന്ന്‌ 25,000 രൂപയും യൂണിറ്റ്‌  നൽകി. കുടുംബശ്രീ ജില്ലാ മിഷൻ 80,000 രൂപയും നൽകി. കുടുംബശ്രീ ജില്ലാ കോ–-ഓർഡിനേറ്റർ എസ്‌ രഞ്ജിത്തിന്റെയും എഡിഎംസി എം ജി സുരേഷിന്റെയും മുൻ ഡിഎംസി പ്രശാന്ത്‌ ബാബുവിന്റെയും പിന്തുണയിലാണ്‌ സംരംഭം മികച്ച രീതിയിൽ കൊണ്ടുപോകാനാകുന്നതെന്ന്‌ യൂണിറ്റ്‌ അംഗങ്ങൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top