17 September Tuesday
അതിദരിദ്രർക്ക്‌ വാടകവീട്‌

635 കുടുംബത്തിന്‌ 
തണലാകും

ജി അനിൽകുമാർUpdated: Saturday Sep 7, 2024
ആലപ്പുഴ
അതിദരിദ്ര കുടുംബങ്ങൾക്ക്‌ വീട്‌ ലഭ്യമാകുന്നതുവരെ വീടുകൾ വാടകയ്‌ക്ക്‌ എടുത്തുനൽകുന്ന പദ്ധതിയിൽ ജില്ലയിൽ പ്രയോജനം ലഭിക്കുന്നത്‌ 635 കുടുംബത്തിന്‌. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കിയ മൈക്രോ പ്ലാനിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കും വ്യക്തികൾക്കുമാണ്‌ പുതിയ താമസസൗകര്യം ഒരുക്കുക. പഞ്ചായത്തുകളിൽ 5000, നഗരസഭകളിൽ 7000, കോർപറേഷനുകളിൽ 8000 രൂപവരെ വാടകയിനത്തിൽ നൽകും. 
പട്ടികയിലുള്ളവർക്ക്‌ ലൈഫ്‌ പദ്ധതിയിലും സ്‌പോൺസർഷിപ്പിലുമാണ്‌ വീടുകൾ നിർമിച്ചുനൽകുന്നത്‌. വീട്‌ നിർമാണം തുടങ്ങിയവർക്കും അത്‌ പൂർത്തിയാകുംവരെ വാടകവീട്‌ നൽകും. സർക്കാർ ഉത്തരവ്‌ വെള്ളിയാഴ്‌ച തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകി. വാടക തുക തനതുഫണ്ടിൽനിന്നോ വാർഷിക ഫണ്ടിൽനിന്നോ സ്‌പോൺസർഷിപ്പായോ കണ്ടെത്തണം. 
ഭൂമിയുള്ളതും വീടില്ലാത്തതുമായ 340 പേരും വീടും സ്ഥലവും ഇല്ലാത്ത 295 പേരും ജില്ലയിലുണ്ട്‌. ഭവനരഹിതരിൽ 298 പേർ പഞ്ചായത്തുകളിലും 47 പേർ ആലപ്പുഴ, ഹരിപ്പാട്‌, ചേർത്തല നഗരസഭകളിലുമാണ്‌. ഇതിൽ 193 പേർ വീട്‌ നിർമിക്കുന്നതിന്‌ തദ്ദേശ സ്ഥാപനങ്ങളുമായി കരാർ ഒപ്പിട്ടു. 160 പേർ നിർമാണം തുടങ്ങി. 147 പേർ  കരാർ വയ്‌ക്കാനുണ്ട്‌. സ്ഥലവും വീടും ആവശ്യമുള്ളവരിൽ 40 പേർക്ക്‌ വസ്‌തു വാങ്ങിനൽകി. ഇതിൽ 29 പേർ വീടുനിർമാണം ആരംഭിച്ചു. 
2025 നവംബർ ഒന്നിന്‌ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ്‌ സർക്കാർ ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾ മുഖേന നടത്തിയ സർവെയിലൂടെ ജില്ലയിൽ 3613 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി. ഇവർക്കായി സൂക്ഷ്‌മതല പദ്ധതിയും തയ്യാറാക്കി. ഇതിനകം 70 ശതമാനം കുടുംബങ്ങളെയും അതിദരിദ്രാവസ്ഥയിൽനിന്ന്‌ മോചിപ്പിച്ചു. ഇത്‌ സമ്പൂർണമാക്കുകയാണ്‌ ലക്ഷ്യം. 

‘ഒരുപിടി നന്മ’ 
വിജയം

ഭക്ഷ്യസുരക്ഷ, തൊഴിൽ, വരുമാനം, താമസസൗകര്യം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുന്ന വിവിധ പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. സ്‌കൂൾ വിദ്യാർഥികൾ മുഖേന ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച്‌ ഗുണഭോക്താക്കൾക്ക്‌ എത്തിച്ചുനൽകുന്ന ‘ഒരുപിടി നന്മ’ പദ്ധതി വിജയകരമായി. തൊഴിലുറപ്പ്‌ പദ്ധതിയിൽ തൊഴിലും വരുമാനവും ഉറപ്പാക്കുന്നു. ലൈഫ്‌ പദ്ധതിയിൽ വീടും. ആരോഗ്യ വകുപ്പ്‌ മുഖേന ചികിത്സയും മരുന്നും നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top