ആലപ്പുഴ
നെഹ്റുട്രോഫി വള്ളംകളിയിൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിലെ പരാതികളിൽ അന്തിമതീരുമാനമെടുക്കാൻ ജൂറി ഓഫ് അപ്പീൽ യോഗം തിങ്കൾ പകൽ മൂന്നിന് കലക്ടറേറ്റിൽ ചേരും. കുമരകം ടൗൺ ബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ് കൈനകരി, നടുഭാഗം, വീയപുരം ചുണ്ടൻവള്ളസമിതികൾ എന്നിവർ പരാതിക്കൊപ്പം സമർപ്പിച്ച ദൃശ്യങ്ങൾക്കൊപ്പം എൻബിടിആറിന്റെ കൈവശമുള്ളവയും പരിശോധിക്കും. ജൂറി ഓഫ് അപ്പീൽ അംഗങ്ങൾക്ക് പുറമേ ഫോട്ടോ ഫിനിഷ് സംവിധാനത്തിന്റെ ചുമതലയുള്ള തോമസ്‌കുട്ടി എബ്രഹാം അടക്കമുള്ള സാങ്കേതിക വിദഗ്‌ധർ യോഗത്തിൽ പങ്കെടുക്കും.
സൂക്ഷ്‌മപരിശോധനയ്‌ക്ക് ശേഷം ജൂറി ഓഫ് അപ്പീൽ തീരുമാനം പരാതിക്കാരായ ക്ലബ്ബുകളെ അറിയിക്കും. സാങ്കേതിക വിദഗ്‌ധർ ഇക്കാര്യം വിശദീകരിച്ചും നൽകും. നിലവിലുള്ള മത്സരഫലത്തിന് വിരുദ്ധമായാണ് ജൂറി ഓഫ് അപ്പീൽ തീരുമാനമെങ്കിൽ തങ്ങളുടെ ഭാഗവും കേൾക്കണമെന്ന് കാരിച്ചാലും പിബിസി പള്ളാത്തുരുത്തിയും സൊസൈറ്റിക്ക് കത്തുനൽകിയിട്ടുണ്ട്. വിധി മറിച്ചാണെങ്കിൽ വെള്ളിക്കപ്പിന്റെ ഉടമയ്‌ക്കായുള്ള കാത്തിരിപ്പ് നീളും.
അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ആശ സി എബ്രഹാം, ജില്ലാ ഗവ. പ്ലീഡർ അഡ്വ. വി വേണു, ജില്ലാ ലോ ഓഫീസർ അഡ്വ. പി അനിൽകുമാർ എന്നിവർ അപ്പീൽ കമ്മിറ്റി അംഗങ്ങളും എൻടിബിആർ സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സി കെ സദാശിവൻ, ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ കെ കുറുപ്പ് എന്നിവർ എക്‌സ് ഒഫീഷ്യോ അംഗങ്ങളുമാണ്. ദേശീയ ഗെയിംസിലടക്കം പ്രവർത്തിച്ച് പരിചയമുള്ള തോമസ്‌കുട്ടി എബ്രഹാമിനാണ് ഫോട്ടോ ഫിനിഷ് സംവിധാനത്തിന്റെ സാങ്കേതികച്ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..